പാലക്കാട് : തൊഴില്‍ സാധ്യതകള്‍ മനസ്സിലാക്കിയുള്ള പരിശീലനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാലഘട്ടത്തില്‍ തൊഴിലിന്റെ സ്വഭാവ രീതികള്‍ മാറുകയാണെന്നുള്ള വസ്തുത പരിഗണിച്ചായിരിക്കണം പരിശീലനം. വിദ്യാഭ്യാസ യോഗ്യതയ്ക്കുപരി തൊഴില്‍ ശേഷിക്ക് പ്രാധാന്യം ലഭിക്കുന്നതാണ് ഇപ്പോഴത്തെ തൊഴില്‍ സംസ്‌കാരം. പ്രായം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഉപരിയായി വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന കുട്ടികള്‍ അടക്കമുള്ളവരുടെ അനുഭവം ഇത് ഉറപ്പിക്കുന്നതാണ്. വസ്ത്രത്തില്‍ അഴുക്ക് പറ്റാത്ത ജോലിയാണ് നല്ലത് എന്ന ചിന്ത മാറി ജോലിചെയ്യാനുള്ള മനോഭാവം വളര്‍ത്തിയെടുക്കണം. കാര്‍ഷിക മേഖലയിലും പ്രത്യേകിച്ച് പ്രിസിഷന്‍ ഫാമിങ് രംഗത്തുമുള്ള വലിയ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ശാസ്ത്രീയ ചിന്തകള്‍ക്ക് പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സൂര്യ രശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ മുഖ്യാതിഥിയായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.ശ്രീലത, കെ.എ.എസ്.സി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.വി വിനോദ്, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ വികസനത്തിനുള്ള അവസരം നല്‍കി വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അവരെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.