കാസര്‍കോട് : ജയിലില്‍ കഴിഞ്ഞിരുന്ന പീഡനക്കേസിലെ പ്രതിക്ക് കൊറോണ ബാധിച്ചതിനെതുടര്‍ന്ന് കാസര്‍ഗോഡ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്നാണ് പോക്സോ കേസ് പ്രതിയായ യുവാവിനെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയത്.
പോക്സോ കേസില്‍ പ്രതിയായതോടെ യുവാവ് നാട്ടില്‍ നിന്നും വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പക്ഷേ ഇയാള്‍ മലേഷ്യയില്‍ നിന്നാണ് വന്നതെന്ന വിവരം പോലീസ് അറിഞ്ഞിരുന്നില്ല. റിമാന്‍ഡ് ചെയ്ത പ്രതിയെ കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെ യുവാവിന് ജലദോഷവും ചെറിയ പനിയും അനുഭവപ്പെടുകയായിരുന്നു. പിന്നീട് ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ച് യുവാവിനെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.