അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബര്‍മതി ജയിലില്‍ 11 തടവുകാര്‍ക്കും മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പരോള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങിയ അഞ്ച് പ്രതികള്‍ക്കാണ് ആദ്യം പോസിറ്റീവായത്. തുടര്‍ന്ന് രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയില്‍ ആറുപേര്‍ കൂടി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവരെ ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്.
രണ്ട് ഹവില്‍ദാര്‍മാര്‍, ജയില്‍ കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെ പ്രധാന ജയില്‍ ക്യാമ്പസില്‍ നിന്നും മാറ്റി ക്വാറന്‍റൈൻ ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് ഡി. വി റാണ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 12 പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. 2500 ഓളം തടവുകാരാണ് സബര്‍മതി ജയിലിലുള്ളത്. ഗുജറാത്തില്‍ 5804 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് 391 പേര്‍ മരിക്കുകയും ചെയ്തു.