ആടുജീവിതത്തിന്റെ പോസ്റ്ററുകളിലെ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. ചിത്രത്തില്‍ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. പുറത്തുവന്ന പോസ്റ്ററുകളില്‍ ഓരോന്നിലും മറ്റൊന്നില്‍നിന്ന് വ്യത്യസ്തനായ ഒരു നജീബിനെയാണ് കാണാന്‍ സാധിക്കുക. ആടുജീവിതം എന്ന നോവല്‍ വായനക്കാരുടെ മനസില്‍ ഇടംനേടിയ ഒന്നാണ്. ഏതൊരാള്‍ക്കും മറക്കാനാവാത്തതാണ് നജീബ് കടന്നുപോയ അവസ്ഥകള്‍. ജീവിതത്തിലെ പ്രത്യാശയും പ്രതീക്ഷയും ഏതാണ്ട് അവസാനിച്ച അവസ്ഥയില്‍ നില്‍ക്കുന്ന നജീബിനെ ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ കാണാനാകുമെങ്കില്‍ രണ്ടാമത്തെ പോസ്റ്ററില്‍ കാണാനാവുക ഒരല്പം പ്രതീക്ഷ പ്രതിഫലിക്കുന്ന കണ്ണുകളോടെയുള്ള നജീബിനെയാണ്. അതേസമയം മൂന്നാമത്തെ പോസ്റ്ററില്‍ വലിയ പ്രശ്‌നങ്ങളൊന്നും ജീവിതത്തിലില്ലാത്ത തനിക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ദുരവസ്ഥകളെക്കുറിച്ച് അല്പം പോലും വേവലാതിയില്ലാത്ത ഊര്‍ജസ്വലനായൊരു നജീബിനെയാണ്. ഈ മൂന്നു വേഷപ്പകര്‍ച്ചകളും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നത് പൃഥ്വിരാജിനെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം.
ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസ്സി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2008 മുതല്‍ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ബ്ലെസ്സിയ്ക്ക് തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018-ലാണ് ചിത്രീകരണം ആരംഭിക്കാന്‍ സാധിച്ചത്. മലയാളസിനിമയിലെ തന്നെ ഏറ്റവുമധികം കാലം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 14 നാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അമല പോളാണ് നായിക.