പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സിനു പിന്നാലെ പത്തനംതിട്ട ജില്ലയിലെ രണ്ടു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും തകര്‍ച്ചയില്‍. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതാണ് തകര്‍ച്ചക്ക് കാരണം. നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യാസമുണ്ട്. പോപ്പുലര്‍ തകര്‍ന്നതോടെ പലരും തങ്ങളുടെ സ്ഥിരനിക്ഷേപം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബ്രാഞ്ചുകളെ സമീപിച്ചെങ്കിലും കാലാവധി കഴിയാതെ മടക്കിനല്‍കാന്‍ കഴിയില്ലെന്ന് ബ്രാഞ്ച് മാനേജര്‍മാര്‍ പറയുന്നു. പലിശ വേണ്ടെന്നും മുതല്‍ മാത്രം തന്നാല്‍ മതിയെന്നും നിക്ഷേപകര്‍ പറഞ്ഞിട്ടും ഇവര്‍ നിക്ഷേപങ്ങള്‍ മടക്കി നല്‍കുവാന്‍ തയ്യാറാകുന്നില്ല. കോവിഡിന്റെ മേല്‍ പഴിചാരി രക്ഷപെടുവാനാണ് നീക്കം നടക്കുന്നത്. കേരളത്തിലെ മിക്ക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ഏതുനിമിഷവും പൂട്ടിപ്പോകുമെന്ന അവസ്ഥയിലാണ് പത്തനംതിട്ട ജില്ലയിലെ രണ്ടു സ്ഥാപനങ്ങള്‍. ഇതിലൂടെ കൂടുതല്‍ നിഷേപകര്‍ വഞ്ചിക്കപ്പെടുവാന്‍ സാധ്യതയുണ്ട്.
സ്ഥിരനിക്ഷേപം സ്വീകരിക്കുവാന്‍ അനുവാദം ഇല്ലാത്തവര്‍പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ഒരു പ്രമുഖ ധനകാര്യസ്ഥാപനവും തകര്‍ച്ചയുടെ വക്കിലാണ്.