തിരുവനന്തപുരം : സ്വകാര്യ ബാങ്കിന്റെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം ഡോളര്‍ ശേഖരിച്ചതായി വിവരം. യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം എന്‍.ഐ.എ.യോട് പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എന്‍.ഐ.എ.കണ്ടെത്തി.
കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് കീഴില്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം. യു.എ.ഇ.യിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആണ് ഈ പദ്ധതിക്ക് പണം നല്‍കിയിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍നിന്ന് യൂണിടാക്കിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാന്‍ഫര്‍ ചെയ്തതിനുശേഷമാണ് ഡോളര്‍ വാങ്ങിപ്പിച്ചത്. കോണ്‍സുലറ്റിന്റെ ആറ് അക്കൗണ്ടുകളില്‍ ഒന്നില്‍നിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനു പിന്നില്‍.
തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരില്‍നിന്നുമാണ് ഡോളര്‍ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യന്‍ കറന്‍സി ആയി യൂണിടാക് ഉന്നതന്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വെച്ച് തന്നു എന്നും എന്‍.ഐ.എ.യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”ഡോളര്‍ സംഘടിപ്പിച്ച് നല്‍കിയത് അന്നുതന്നെ ഈ ഉദ്യോഗസ്ഥന്‍ തന്റെ ബാങ്കിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍സുലേറ്റ് അയച്ച തുക യൂണിടാകിന്റെ അക്കൗണ്ടിലേക്ക് വരാന്‍ വൈകി എന്നും അതിന് സ്വപ്നതന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥന്‍ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളത്. നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം എന്തിന് ഡോളര്‍ കള്ളത്തരത്തില്‍ വാങ്ങി എന്നതില്‍ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാന്‍ ആവും ഇത് എന്നാണ് നിഗമനം.5.25 കോടി കൈമാറിയതിന്റെ അടുത്ത ദിവസം സാന്‍സ് വെന്‍ചേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 2.25 കോടി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിന് ലൈഫ് മിഷനുമായി ഉള്ള ബന്ധവും എന്‍.ഐ.എ. അന്വേഷണപരിധിയില്‍ ഉണ്ട്. എന്നാല്‍ കോണ്‍സുേലറ്റിലെ മറ്റ് പ്രവൃത്തികള്‍ക്കുവേണ്ടിയാണ് ഈ കൈമാറ്റമെങ്കില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവില്ല.