കോഴിക്കോട് : സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കക്കോടി ചോയി ബസാര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. സന്തോഷിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. ലോക്ക് ഡൌണ്‍ മൂലം വരുമാനം പാടേ നിലച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. അത്രക്ക് ബുദ്ധിമുട്ടില്‍ക്കൂടിയായിരുന്നു കുടുംബം മുമ്പോട്ട് പോയതെന്നാണ് സൂചന.
അതിനിടെ ഒരു ലോറിയില്‍ ജോലിചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍നിന്ന് ഇറങ്ങിയ സന്തോഷിനെ പിന്നീട് കാണാതായി. ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌കരിച്ചു.