പാപ്പിനിശ്ശേരി : ദേശീയപാതയില്‍ സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിനിടയില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മക്കിണറിന് സമീപത്തെ കെട്ടിട നിര്‍മാണ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാറാണ് (32) അപകടം നടന്ന സ്ഥലത്ത് തല്‍ക്ഷണം മരിച്ചത്. കീച്ചേരി പമ്പാലക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് അപകടം.
സ്വകാര്യ ബസും ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയില്‍ പമ്പാലക്ക് സമീപത്തെ സര്‍വിസ് സ്റ്റേഷന് സമീപത്തുവെച്ച് ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടം. ബൈക്കില്‍ ബസ് തട്ടിയതോടെ ബൈക്ക് യാത്രികനായ യുവാവ് ബസിനടിയില്‍പ്പെടുകയായിരുന്നു. ബസിന്റെ ടയര്‍ ശരീരത്തില്‍ കയറിയിറങ്ങി ഹെല്‍മറ്റടക്കം തകര്‍ന്നു. പഴഞ്ചിറയിലെ ശ്രീധരന്റെയും മേപ്പയില്‍ ചന്ദ്രമതിയുടെയും മകനാണ് സന്ദീപ് കുമാര്‍. അവിവാഹിതനാണ്. സഹോദരങ്ങള്‍: സനല്‍, സജിഷ്, ഷംന. മൃതദേഹം കണ്ണൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.