കൊല്ലം: പൊതുഗതാഗതം നിലച്ച് 55 ദിവസത്തിനുശേഷം ബസ് അറ്റകുറ്റപ്പണിക്ക് അനുമതി. വിവിധ ജില്ല കളക്ടര്മാര് ഇതുസംബന്ധിച്ച് ഉത്തരവ് നല്കി. എന്നാല് ബസ് അനക്കില്ലെന്ന് ഉടമകള് വ്യക്തമാക്കി. ഭൂരിഭാഗം ബസ് ഉടമകളും സര്വിസ് നിര്ത്തി ജി ഫോം നല്കിയിരിക്കുകയാണ്. നിലവില് ബസ് എവിടെയാണോ അവിടെയാണ് ജി ഫോം നല്കിയത്. ബസ് യഥാസ്ഥാനത്തുനിന്ന് മാറ്റിയാല് ജി ഫോം റദ്ദാവുകയും ടാക്സ്, ഇന്ഷുറന്സ് ഇളവുകളില്നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും. ഉത്തരവില് വ്യക്തതയില്ലാത്തതിനാല് തല്ക്കാലം ബസുകള് അനക്കേണ്ടെന്ന നിലപാടിലാണ് ഉടമകള്.
അറ്റകുറ്റപ്പണിയോ മറ്റ് തടസ്സങ്ങളോ മൂലം നിരത്തിലിറക്കാനാകാത്ത സാഹചര്യത്തിലാണ് മോട്ടോര് വെഹിക്കിള് ടാക്സേഷന് റൂള് പ്രകാരം ജി ഫോം നല്കുന്നത്. ലോക്ഡൗണ് വന്നതോടെ ബസ് പരിപാലനം നടന്നില്ല. ദീര്ഘനാള് ഓടാതിരുന്നതുമൂലം അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതിയിലാണ്. നിരത്തിലിറക്കാന് ഒരു ബസിന് അമ്പതിനായിരം രൂപയെങ്കിലും ചെലവഴിക്കേണ്ടിവരും. പ്രോട്ടോകോള് അനുസരിച്ച് പൊതുഗതാഗതം അനുവദിച്ചാല്തന്നെ പകുതിപോലും യാത്രക്കാരെ കയറ്റാനാവില്ല.
പൊതുഗതാഗതം ജനം എത്രത്തോളം ആശ്രയിക്കും എന്നതും സംശയമാണ്. ജൂണ് ഒന്നുവരെയെങ്കിലും നിലവിലെ സ്ഥിതി തുടരണമെന്നാണ് ഉടമകളുടെ തീരുമാനമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജനറല് സെക്രട്ടറി ലോറന്സ് ബാബു പറഞ്ഞു.