തൃശ്ശൂര്‍ : കേരളത്തില്‍ നാളെമുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി. എന്നാല്‍ തീരുമാനത്തെ അവഗണിച്ചുകൊണ്ട് നാളെ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് വിവിധ സംഘടനകളില്‍പ്പെട്ട ബസുടമകള്‍ പറഞ്ഞു. ബസുകള്‍ ഓടിയാലും ഓടിയില്ലെങ്കിലും യാതൊരു കുഴപ്പവുമില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലാണു കൂടുതല്‍ യാത്ര.
യുവാക്കളും ദിവസ വേതനക്കാരും ഇരുചക്രവാഹനങ്ങളെയാണു കൂടുതല്‍ ആശ്രയിക്കുന്നത്. ബസുകള്‍ ഓടുന്നില്ലെന്ന സംഘടനകളുടെ അഭിപ്രായം തങ്ങളെ ബാധിക്കുന്നില്ലെന്ന നിലപാടിലാണു യാത്രക്കാര്‍. വിദ്യാഭ്യാസ- വിനോദ കേന്ദ്രങ്ങളും പ്രധാനപ്പെട്ട ആരാധനാലയങ്ങളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രയും കുറഞ്ഞു. ബന്ധു – ആശുപത്രി സന്ദര്‍ശനങ്ങളും കുറവാണ്. ബസ് ചാര്‍ജ് എത്ര കൂട്ടിയാലും യാത്രക്കാര്‍ ഇല്ലാത്തതാണ് ബസ് വ്യവസായം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് ബസുടമകള്‍ പറഞ്ഞു.
കെ.ബി.ടി.എ. സംഘടനയിലെ ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്ന് സംഘടനാ ജില്ലാ ഭാരവാഹിയായ മുജീബ് റഹ്മാന്‍ പറഞ്ഞു. ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാനുള്ള ചില സംഘടനകളുടെ തീരുമാനത്തില്‍ കെ.ബി.ടി.എയുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഏകപക്ഷീയമായ ചിലരുടെ തീരുമാനത്തിന് പിന്നാലെ പോകാന്‍ കെ.ബി.ടി.എയെ കിട്ടില്ലെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. നഷ്ടം സഹിച്ചാണ് ബസുകള്‍ ഓടുന്നത്. ചിലര്‍ സര്‍വീസ് നടത്തുന്നത് ലാഭം പ്രതീക്ഷിച്ചില്ല. രണ്ടുപേര്‍ക്കു കൂലി കിട്ടുന്ന അവസ്ഥയുണ്ട്. എങ്കിലും ഉടമകള്‍ക്ക് സ്വമേധയാ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
നിര്‍ബന്ധപൂര്‍വം ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് സംഘടനാ നേതാക്കള്‍ സൂചിപ്പിച്ചു. ഓടിയിട്ട് ഒന്നും കിട്ടുന്നില്ലെന്ന അഭിപ്രായമാണ് ബസുടമ അസോസിയേഷനുള്ളത്. നഷ്ടത്തിലായ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ വീണ്ടും മൂന്നുമാസത്തെ നികുതി ഒഴിവാക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു മാസത്തെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി.
ബസ് സര്‍വീസ് നിര്‍ത്തിവെച്ച് ജി ഫോം നല്‍കി നികുതി ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഒരു വിഭാഗം ബസുടമകള്‍ നടത്തുന്നതന്നും ആക്ഷേപമുണ്ട്. ഒരു ബസ് മാത്രമുള്ളവരും ഒന്നില്‍ കൂടുതല്‍ ബസുകളുള്ള ഉടമകള്‍ അവരുടെ ഒന്നോ രണ്ടോ ബസുകള്‍ മാത്രം സര്‍വീസ് നടത്തി നിലനിര്‍ത്തി പോകുന്നുണ്ട്. നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവക്കുമെന്നുള്ള പ്രചാരണം ജീവനക്കാരെയും ആശങ്കയിലാക്കി.