പത്തനംതിട്ട : സ്വര്‍ണ്ണപ്പണയം കൊണ്ടുമാത്രം ഒരു ധനകാര്യസ്ഥാപനം പിടിച്ചുനില്‍ക്കില്ല. എന്നാല്‍ ഉടമകള്‍ ഇതൊന്നും സമ്മതിക്കാറില്ല. തങ്ങളുടെ സ്ഥാപനം വന്‍ ലാഭത്തിലാണെന്ന് കാണിക്കുവാന്‍ ആര്‍ഭാടം ഒട്ടും കുറക്കാറില്ല ഇവര്‍. കോടികള്‍ മുടക്കിയ ആഡംബര വീടും മുന്തിയ കാറുകളും ഒക്കെ മിക്ക ധനകാര്യസ്ഥാപന ഉടമകള്‍ക്കുമുണ്ട്. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ തകര്‍ന്ന തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിന് ഉണ്ടായിരുന്നത് നാലോളം കാറുകളാണ്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായ കഴിഞ്ഞ നാളുകളിലാണ് ഒന്നേകാല്‍ കോടിയുടെ ബി.എം.ഡബ്ലിയു സജി സാം സ്വന്തമാക്കിയത്.
ഓരോ ബ്രാഞ്ചിനും ഒരുമാസം കടന്നുപോകാന്‍ വേണ്ടത് വന്‍ തുകയാണ്. വാടകയും വൈദ്യുതി ചാര്‍ജ്ജിനും നല്ലൊരു തുക വേണം. ലക്ഷങ്ങള്‍ സെക്യൂരിറ്റി നല്‍കി കണ്ണായ സ്ഥലത്തുതന്നെയാണ് മിക്കവരും ബ്രാഞ്ചുകള്‍ തുറന്നിട്ടുള്ളത്. എല്ലാം മുന്തിയ നിലയില്‍ ഫര്‍ണിഷും ചെയ്തിട്ടുണ്ട്. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് മൂന്നു ജീവനക്കാര്‍ ഉണ്ടാകും. മാനേജര്‍ക്ക് ശമ്പളവും ഇതര ആനുകൂല്യങ്ങളുമായി മാസം നല്ലൊരു തുക നല്‍കും. ഇതിനൊക്കെ എവിടെനിന്ന് പണം ലഭിക്കും എന്നാരും ചിന്തിക്കാറില്ല. സ്വര്‍ണ്ണപണയ ഇടപാടിലൂടെ വളരെ ചെറിയൊരു തുകയേ ലാഭം കിട്ടൂ. സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളുടെ മറവില്‍ പൊതുജനങ്ങളില്‍ നിന്നും ക്രമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയാണ് മിക്കവരും ചെയ്യുന്നത്. നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം പലിശ കൃത്യമായി നല്‍കും. നിക്ഷേപമായി ലഭിച്ച മുതലില്‍ നിന്നാണ് ഈ പലിശ കൃത്യമായി നല്‍കുന്നത് എന്നതാണ് ഏറെ രസകരം. ഇതൊന്നും നിക്ഷേപകന് അറിയേണ്ട, എല്ലാമാസവും പലിശ കൃത്യമായി ലഭിക്കുന്നുണ്ടോ എന്നുമാത്രമാണ് നിക്ഷേപകന്‍ നോക്കുന്നത്.
ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വിരമിച്ച മാനേജര്‍മാരും അധ്യാപനവൃത്തിയില്‍ നിന്നും വിരമിച്ചവരെയുമാണ് മാനേജര്‍മാരായി നിയമിക്കുന്നത്. ഇവരിലൂടെയാണ് നിക്ഷേപം സ്വീകരിക്കുക. ഇത്തരം ആളുകള്‍ക്ക് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരവും ബഹുമാനവും ചൂഷണം ചെയ്യുവാനാണ് മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ശ്രമിക്കുന്നത്. സ്ഥാപനം പൊട്ടുമ്പോള്‍ നിക്ഷേപകന് മുന്നില്‍ ഉത്തരം പറയേണ്ടിവരുന്നത് ഈ മാനേജര്‍മാരാണ്. സ്ഥാപന ഉടമ കോടികളുമായി മുങ്ങിയിരിക്കും. ഇനിയും കേസില്‍ അകത്തായാലും പുറത്തുള്ള കോടികള്‍ പിന്നീടുള്ള സുഖജീവിതത്തിന് ധാരാളമുണ്ടാകും.
മിക്ക സ്ഥാപനങ്ങളുടെയും ബോര്‍ഡില്‍ കേന്ദ്ര ഓഫീസിനെക്കുറിച്ചോ വെബ്സൈറ്റ് വിലാസമോ നല്‍കാറില്ല. ഇതുമൂലവും നിക്ഷേപകര്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ സ്ഥാപനം അടച്ചുപൂട്ടിയാല്‍ ഉടമ ആരെന്നോ വീട് എവിടെന്നോ ആര്‍ക്കും അറിയാന്‍ കഴിയില്ല. പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നുന്ന പേരുകളിലും നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. ഒരേ കുടുംബത്തില്‍പ്പെട്ട സഹോദരങ്ങളുടെ സ്ഥാപനങ്ങള്‍ മിക്കവാറും എല്ലാം കുടുംബപേര് ചേര്‍ത്തായിരിക്കും ഉപയോഗിക്കുക. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.