തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ ആശുപതികള്‍ നിശ്ചയിക്കുന്ന നിരക്ക് നല്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് പരിധിയില്‍ കവിഞ്ഞ നിരക്ക് ഈടാക്കാനാകും. സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും കാസ്പ് പദ്ധതിയില്‍ ഉള്ളവര്‍ക്കും സൗജന്യമാണ്.
കൊവിഡ് കവച്, കൊവിഡ് രക്ഷാ ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്ക് ബന്ധപ്പെട്ട ആശുപത്രികളില്‍ സൗജന്യം ലഭിക്കും. അതേസമയം സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.
സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം, കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. ജനറല്‍ വാര്‍ഡ് 2300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.
അതിനിടെ സംസ്ഥാനത്തെ കൊവിഡ‍് ആശുപത്രികളില്‍ വിഐപി മുറികളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഉത്തവ് നല്‍കി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ലക്ഷണമില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികില്‍സ തേടാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്യുന്നതിനിടെയാണ് കൊവിഡ് കേന്ദ്രങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്.
ഓരോ കൊറോണ ആശുപത്രികളിലും മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്കായി തയ്യാറാക്കി വെക്കാനാണ് നിര്‍ദേശം. വിഐപി സൗകര്യമുള്ള മെഡിക്കല്‍ കോളേജുകളില്‍ മുറികള്‍ പഞ്ചനക്ഷത്ര സൗകര്യത്തിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 29 കൊറോണ ആശുപത്രികളിലും വിഐപി മുറികള്‍ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.