പത്തനംതിട്ട : ആശുപത്രികളും മരുന്നുകളും നമ്മുടെ ജീവിതത്തിൽ അവഗണിക്കാനാവാത്ത ഘടകമാണ്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന കേരള സമൂഹത്തിന്റെ മിഥ്യാരോഗഭയം മുതലെടുക്കാന്‍ മരുന്നുലോബികള്‍ സജീവമാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇന്ന് വികസിക്കുന്ന ഒരേയൊരു വ്യവസായം മരുന്ന്-ചികിത്സാ വ്യവസായമാണ്. മരുന്നു വിപണി ഇന്ന് അനുദിനം കൊഴുക്കുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ്. പ്രതിവര്‍ഷം ആറായിരം കോടിരൂപയുടെ മരുന്നാണ് കേരളത്തില്‍ വില്‍ക്കപ്പെടുന്നതെന്നും ഇന്ത്യയിലെ മരുന്നു വിപണിയിലെ നാലില്‍ ഒരുഭാഗം ചെലവാകുന്നത് കേരളത്തിലാണെന്നും ഒരു പഠനം തെളിയിക്കുന്നു. രോഗഭീതി വരുമ്പോള്‍ എളുപ്പവഴിയായി ഫാര്‍മസിസ്റ്റുകളെയാണ് രോഗികള്‍ സമീപിക്കുന്നത് എന്നത് ഈ മാഫിയയെ കൊഴുപ്പിക്കുന്ന പ്രധാന ഘടകമാണ്.
മാത്രമല്ല ചികിത്സ സംബന്ധമായി ഡോക്ടറെ കാണുകയും ഡോക്ടർ രോഗിയെ പരിശോധിച്ചതിനുശേഷം കഴിക്കേണ്ട മരുന്നുകൾ കുറിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ മിക്ക ആശുപത്രികളിലും കമ്പ്യൂട്ടറൈസ്ഡ് ആയതിനാൽ പ്രിസ്ക്രിപ്ഷൻ കയ്യിൽ തരുന്ന രീതിയില്ല. ഡോക്ടർ ഡയറക്ട് ആയി മരുന്ന് ഫാർമസിയിലേക്ക് നമ്മുടെ ഒ.പി നമ്പറിൽ സെന്റ് ചെയ്യുകയാണ് പതിവ്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഡോക്ടറോട് കർശനമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർസ് ഇപ്രകാരം ചെയ്യുന്നത്. എന്നാൽ രോഗി ഫാർമസിയിൽ വന്ന് ഈ OP നമ്പറിലുള്ള മരുന്നിന്റെ കുറിപ്പടി വേണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നല്‍കുകയില്ലെന്ന് മാത്രമല്ല, കാണിക്കുകപോലും ഇല്ല. മരുന്നിനെക്കുറിച്ച് അറിയാവുന്ന വ്യക്തിയാണെങ്കിൽ കുറിപ്പടിയിലുള്ളത് പറഞ്ഞു തന്നാൽ എഴുതിയെടുത്ത് കൊള്ളാം എന്ന് പറഞ്ഞാലും അത് ഫാർമസിയിലുള്ളവര്‍ സമ്മതിക്കില്ല. മരുന്ന് ലോബികൾ ഡോക്ടർമാരെ പോലും വിലയ്‌ക്കെടുക്കുന്ന സാഹചര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേരളം ഇന്ന് മാഫിയകളുടെ വിളനിലമായി മാറിക്കഴിഞ്ഞു. മണല്‍ മാഫിയ, വനം മാഫിയ, കുടിവെള്ള മാഫിയ, സെക്സ് മാഫിയ, അവയവ മാഫിയ, ഭൂമാഫിയ തുടങ്ങി വിവിധതരം മാഫിയകള്‍ ഇവിടെ തഴച്ച് വളര്‍ന്നു കഴിഞ്ഞു . ഇതില്‍ ഏറ്റവും സജീവം മരുന്നു മാഫിയയാണ്. ഇതിനെയെല്ലാം വളരാൻ അനുവദിക്കുന്നത് ആശുപത്രി അധികൃതരും ഡോക്ടർമാരും ആണ്. ഇതിൽ ഒരു വിഹിതം ഇവർക്ക് ലഭിക്കുകയും ചെയ്യുന്നു. ഇതിനെ മുതലെടുത്താണ് ആശുപത്രി അധികൃതർ രോഗികളെ ചികിത്സിക്കുന്നത്. എന്നാൽ ആശുപത്രിയെയും ഡോക്ടർമാരെയും വിശ്വസിച്ച് എത്തുന്ന രോഗികളുടെ കണ്ണിൽ പൊടിയിടുകയാണ് ഇവര്‍ ചെയ്യുന്നത്.
മരുന്ന് മാഫിയ്ക്കെതിരെ സുപ്രീംകോടതിപോലും വിമര്‍ശനം ഉന്നയിച്ചിരുന്നു. മരുന്നു പരീക്ഷണം പാവപ്പെട്ട മനുഷ്യരില്‍ നടത്തുന്നത്തിനെതിരെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. നിയമവിരുദ്ധവും അധാര്‍മികവുമായ ഈ പരീക്ഷണം വന്‍തോതില്‍ നടക്കുന്നു എന്നും ഇത് തടയണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെയൊന്നും മുഖവിലക്കെടുക്കാൻ ഇന്നുവരെ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ബഹുരാഷ്ട്ര കുത്തകകളാണ് ഈ വിധം മരുന്നുകളും വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ഇവര്‍ തന്നെയാണ് കേരളീയരുടെ രോഗഭീതി മുതലെടുത്ത് ആവശ്യമില്ലാത്ത മരുന്നുകളും വ്യാജമരുന്നുകളും വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും എല്ലാം ഇവിടെ നല്‍കുന്നത്.
ഇത് അലോപ്പതി മരുന്നു മാഫിയയുടെ മാത്രം പ്രശ്നമല്ല. ആയുര്‍വേദ മരുന്നുകളിലും വ്യാജന്‍ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് മുടി വളരാനും, വെളുക്കാനും, വണ്ണം കുറയ്ക്കാനും, വണ്ണം വയ്ക്കാനും, ലൈംഗിക ഉത്തേജനത്തിനും എല്ലാമുള്ള മരുന്നുകളുടെ ഉപയോഗം. മലയാളിയുടെ മറ്റൊരു സ്വഭാവവിശേഷം ഡോക്ടര്‍മാരെ സമീപിക്കാതെ രോഗം അല്ലെങ്കില്‍ ഇല്ലാ രോഗം സ്വയം കണ്ടുപിടിച്ച് ഫാര്‍മസികളില്‍നിന്നും മരുന്നുവാങ്ങുന്നതാണ്. ഇതറിയാവുന്ന ഫാര്‍മസിസ്റ്റുകള്‍ ഈ പ്രവണത തിരിച്ചറിഞ്ഞ് മൂലകങ്ങള്‍ പരസ്പ്പര വിരുദ്ധമായ മരുന്നുകളും വില്‍ക്കുന്നു. ലഹരി മരുന്നിനടിമപ്പെടുന്ന സമൂഹം വേദനസംഹാരികള്‍ പോലുള്ള, അല്ലെങ്കില്‍ ലഹരി കിട്ടാന്‍ സാധ്യതയുള്ള മരുന്നുകളും ഫാര്‍മസികളില്‍നിന്നും വാങ്ങുന്നു.
ചികിത്സാ ചെലവ് സാധാരണക്കാരന് താങ്ങാന്‍ കഴിയാതാക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിവിധതരം ടെസ്റ്റുകളാണ്. ആശുപത്രികളില്‍ ഇന്ന് വളരെ വിലപിടിപ്പുള്ള ടെസ്റ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം അവ ലാഭകരമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഓരോ ഡോക്ടര്‍മാര്‍ക്കും ഇഷ്ട ലാബുകള്‍ ഉണ്ടെന്നതും സത്യമാണ്. ഇത്തരം ലാബുകളില്‍ പോയി ടെസ്റ്റ് ചെയ്ത് റിസല്‍ട്ട് കണ്ട ശേഷം ചികിത്സ എന്നു പറയുന്നത് ഓരോ ടെസ്റ്റിനും ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നതിനാലാണ്. ഇതാകട്ടെ പരസ്യമായ രഹസ്യവുമാണ്. ആശുപത്രികള്‍ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതും കുറിച്ചുകൊടുക്കുന്നതും എല്ലാം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ്. മെഡിക്കല്‍ എത്തിക്സ് എന്നു പറയുന്നത് നിഘണ്ടുവില്‍ മാത്രം ഒതുങ്ങുന്ന വാക്കാണ്. രോഗികളോടുള്ള പ്രതിബദ്ധത പോലെ. കേരളം പനിച്ചു വിറക്കുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനവിനും മറ്റും വേണ്ടി സമരത്തിന് മുതിരുന്നതും ഇതിനുദാഹരണമാണ്.
സ്വകാര്യ ആശുപത്രികളും ഫാര്‍മസികളും യഥേഷ്ടം മരുന്നുകള്‍ വാങ്ങിക്കൂട്ടി അത് ചെലവാക്കാനുള്ള തന്ത്രവും മെനയുന്നു. ഇത് നിയന്ത്രിക്കേണ്ട മെഡിക്കല്‍ കോര്‍പ്പറേഷന്‍ പോലുള്ള സ്ഥാപനങ്ങളും മാഫിയാ വിധേയമാണ്. പഴയ തലമുറയിലെ ഡോക്ടര്‍മാര്‍ വ്യായാമം, നെല്ലിക്ക, പാവയ്ക്ക മുതലായ ആഹാരം നിര്‍ദ്ദേശിച്ചാല്‍ ഇന്ന് പരിഹാസ്യരാകുന്നു. കൂടാതെ രോഗികള്‍ക്ക് രോഗസാക്ഷരത ആവശ്യമാണ്. കൂടുതല്‍ മരുന്നു കഴിക്കുന്നത് സ്റ്റാറ്റസ് സിമ്പലായി മാറുമ്പോള്‍ തകരുന്നത് ആരോഗ്യമാണ്. അതിനാൽ ജനങ്ങള്‍ അമിത മരുന്നുപയോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.