പത്തനംതിട്ട : രാജ്യം ലോക്ക് ഡൌണില്‍ നിശ്ചലമായപ്പോള്‍ കോടികള്‍ മുടക്കുമുതലുള്ള ടൂറിസ്റ്റ് ബസ് വ്യവസായവും കട്ടപ്പുറത്തായി. കൊറോണ എന്ന സംഹാരമൂര്‍ത്തിയെ തുരത്തുവാന്‍ രാജ്യം ഒറ്റക്കെട്ടായി കൈകോര്‍ത്തപ്പോള്‍ അതില്‍ അണിചേര്‍ന്ന കേരളത്തിലെ ടൂറിസ്റ്റ് ബസ് വ്യവസായ മേഖല ഇന്ന് നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താന്നുകൊണ്ടിരിക്കുകയാണ്. പഴയ പ്രതാപകാലം ഇനി കണ്ണുതുറക്കുമോ എന്ന് കരുതി കാത്തിരിക്കുകയാണ് ബസ്സുടമകളും ജീവനക്കാരും. വിനോദയാത്രകളുടെ സീസന്‍ കഴിഞ്ഞു, വിവാഹ സീസണും കഴിഞ്ഞുകൊണ്ടിരിക്കുന്നു. ഇനിയെന്ത് ?..എന്ന ചോദ്യത്തിന് ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല.
കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഫെബ്രുവരി മുതൽ തന്നെ വ്യവസായത്തിന്റെ തകർച്ചയും തുടങ്ങി. അവധിക്കാല വിനോദ യാത്രകളും വിവാഹ ബുക്കിങ്ങും ലഭിക്കുന്ന മാർച്ച് , ഏപ്രിൽ മാസങ്ങളില്‍ നഷ്ടം നേരിടുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്. പോയ വർഷങ്ങളിൽ നിപ്പയും പ്രളയവും മൂലം മന്ദ ഗതിയിലായ മേഖലക്ക് വീണ്ടും കിട്ടിയ ഇരുട്ടടിയാണ് കോറോണയും ലോക്ക് ഡൌനും
കൂനിന്മേൽ കുരു എന്ന കണക്കിന് സർക്കാർ നികുതിയും തലയ്ക്കു മുകളിൽ വാളായി നില്കുന്നു. മൂന്നു മാസത്തെ നികുതി മുൻകൂർ അടച്ചാണ് ഈ മേഖല പ്രവർത്തിക്കുന്നത്. ബസ് ഒന്നിന് നാല്പതിനായിരം രൂപയ്ക്കു മുകളിൽ കഴിഞ്ഞ തവണ നികുതി അടച്ചതിനു ശേഷം ബസ്സുകള്‍ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. അടുത്ത മൂന്ന് മാസത്തേക്ക് ഇറങ്ങുവാന്‍ സാധിക്കുകയുമില്ല.
സർക്കാർ പ്രഖ്യാപിച്ച 20% നികുതി ഇളവ് തികച്ചും അപര്യാപ്തമാണെന്ന് ബസ്സുടമകള്‍ പറയുന്നു. എല്ലാ ബസ്സുകളും വന്‍തുക വായ്പയെടുത്താണ് നിരത്തിലിറക്കിയിരിക്കുന്നത്. വായ്പ്പ തിരിച്ചടവിന് മൂന്നു മാസത്തെ മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് പലിശ നല്‍കേണ്ടിവരുന്നു. ഇത് ബസ്സുടമകള്‍ക്ക് വന്‍ ബാധ്യതയാകും. തൊഴിലാളികളിൽ നല്ലൊരു ശതമാനം പേരും ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടില്ലാത്തവരാണ്. അതിനാല്‍തന്നെ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പാക്കേജുകള്‍ ഒന്നും തന്നെ ഇവര്‍ക്ക് ലഭിക്കില്ല.
ഏകികൃത കളർ കോഡ്, ജിപിഎസ് എന്നിവ നടപ്പിലാക്കുവാൻ സാവകാശം അനുവദിക്കുക, മൂന്ന് മാസത്തെ നികുതി പൂർണമായും ഒഴിവാക്കുക, സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്നടക്കംഎടുത്ത വായ്പ്പകള്‍ക്ക് 6 മാസത്തെ പലിശ രഹിത മൊറൊട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകള്‍ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് വ്യവസായം വന്‍ തകര്‍ച്ചയിലേക്ക് പോകുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.