ന്യൂഡൽഹി : സമൂഹമാധ്യമമായ വാട്സാപ്പിനെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍. കമ്പനിയുടെ പുതിയ സ്വകാര്യതാനയം നടപ്പാക്കാന്‍ ഉപയോക്താക്കളില്‍നിന്ന് കൗശലപൂര്‍വം അനുമതി വാങ്ങുകയാണെന്നു ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സ്വകാര്യതാ നയം ഇതുവരെ അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ഇത് ചൂണ്ടിക്കാട്ടി വാട്സാപ്പ് നിരന്തരം നോട്ടിഫിക്കേഷന്‍ നല്‍കുകയാണ്.
സ്വകാര്യതാ നയം അംഗീകരിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു. വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യത്ത് പുതിയ ഡേറ്റ സംരക്ഷണ നിയമം വരുന്നതിന് മുമ്പ് പരമാവധി ആളുകളെക്കൊണ്ട് സ്വകാര്യതാ നയം അംഗീകരിപ്പിച്ചു വിവരങ്ങള്‍ ശേഖരിക്കാനാണ് വാട്സാപ്പ് നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിവര സംരക്ഷണത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.
കേന്ദ്രത്തിന്റെ പുതിയ ഐടി നയത്തിനെതിരെ വാട്സാപ്പ് മേയ് 26ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എൻക്രിപ്റ്റഡ് മെസേജുകളിൽ സർക്കാരിന് കൈകടത്താൻ അനുമതി നൽകിയാൽ സ്വകാര്യതാ നയം തകരുമെന്നാണ് വാട്സാപ്പിന്റെ അവകാശവാദം.