കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി പ്രിയ വര്‍ഗീസ്. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ എതിര്‍കക്ഷികള്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ കോടതി തീരുമാനം എടുക്കരുതെന്നാണ് തടസ്സ ഹര്‍ജിയില്‍ പ്രിയ വര്‍ഗീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ നിയമനത്തില്‍, പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിരുന്നു.
യോഗ്യതയായി എട്ട് വര്‍ഷം അധ്യാപനം പരിചയം വേണമെന്നിരിക്കെ തന്റെ ഗവേഷണകാലവും നാഷണല്‍ സര്‍വീസ് സ്‌കീമിലെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റെസ് സര്‍വീസിലെ പ്രവര്‍ത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉള്‍പ്പെടുത്തിയതാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ച് 2022 ല്‍ തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും അനുകൂല ഉത്തരവ് വന്നത്. ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.