ഡൽഹി: ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ആരോപണവിധേയനായ ബ്രിജ് ഭൂഷനെ എന്തിനാണ് കേന്ദ്ര സർക്കാർ രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ജന്തർ മന്തറിലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഗുസ്തി താരങ്ങളുടെ വിഷയത്തിൽ പ്രധാനമന്ത്രിയിൽ നിന്ന് യാതൊരു നടപടിയും പ്രതീക്ഷിക്കുന്നില്ല.
താരങ്ങളെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ എന്തുകൊണ്ട് പ്രധാനമന്ത്രി അവരോട് സംസാരിക്കുകയോ അവരെ കാണുകയോ ചെയ്യാത്തത്. രാജ്യം താരങ്ങൾക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കുറ്റവാളിക്കെതിരെ ശബ്ദമുയർത്തിയ ഗുസ്തി താരങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ എന്താണ് ഉള്ളതെന്ന് ആർക്കും അറിയില്ല. എന്തുകൊണ്ടാണ് അവർ എഫ്.ഐ.ആർ പുറത്തുവിടാത്തത്? ഈ ഗുസ്തിതാരങ്ങൾ മെഡലുകൾ നേടുമ്പോൾ നാമെല്ലാവരും ട്വീറ്റ് ചെയ്യുകയും അഭിമാനിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇന്ന് നീതി ലഭിക്കാതെ അവർ റോഡിൽ ഇരിക്കുകയാണ്. ഈ വനിതാ ഗുസ്തി താരങ്ങളെല്ലാം ഈ നിലയിലെത്താൻ ഒരുപാട് കഷ്ടപ്പെന്നു. പിന്നെ എന്തിനാണ് സർക്കാർ കുറ്റവാളിയെ രക്ഷിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല -പ്രിയങ്ക വ്യക്തമാക്കി. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പ്രിയങ്ക, രാവിലെ ഡൽഹി ജന്തർ മന്തറിലെ സമരവേദിയിലെത്തിയാണ് ഗുസ്തി താരങ്ങളായ സാക്ഷി മലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ളവരെ സന്ദർശിച്ചത്.
അതേസമയം, രാജ്യ തലസ്ഥാനത്ത് സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ രാജ്യത്തിന്റെ അഭിമാന താരങ്ങളുടെ പോരാട്ടം തുടരുകയാണ്. ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാതെ സമരം നിർത്തില്ലെന്ന കർശന നിലപാടിലാണ് ഗുസ്തി താരങ്ങൾ. ഡൽഹി പൊലീസ് തങ്ങളുടെ പരാതിയിൽ ചെറുവിരൽ അനക്കിയില്ലെന്ന് താരങ്ങൾ ആരോപിച്ചു.
#WATCH | "I don't have any expectations from the PM, because if he is worried about these wrestlers, then why has he not talked to them or met them yet. Why the govt is trying to save him (Brij Bhushan Sharan Singh…," says Congress leader Priyanka Gandhi Vadra in Delhi pic.twitter.com/XLDpIruQHv
— ANI (@ANI) April 29, 2023