ഡല്‍ഹി : പ്രിയങ്ക ഗാന്ധി സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്ക്. കെ. സി വേണുഗോപാലിന്റെ നേതൃത്വ ത്തിലുള്ള സംഘടന വിഭാഗത്തിന്റെ പരാജയം സംബന്ധിച്ച വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദേശത്തോട് പ്രിയങ്കാ ഗാന്ധി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതടക്കം വിവിധ രാഷ്ട്രീയ തിരിച്ചടികള്‍ കോണ്‍ഗ്രസില്‍ ശക്തമാണ്. കെ. സി വേണുഗോപാലാണ് നിലവില്‍ സംഘടന ജനറല്‍ സെക്രട്ടറി. ഈ സാഹചര്യത്തില്‍ വേണുഗോപാലിന് രാജസ്ഥാനില്‍ നിന്ന് രാജ്യസഭ സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം. ഇതോടെ സംഘടന ജനറല്‍ സെക്രട്ടറി പദം അദ്ദേഹം ഒഴിയും.
എ. കെ ആന്റണി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, അഹമ്മദ് പട്ടേല്‍, ഗുലാം നബി അസാദ് മുതലായവര്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രിയങ്കാ ഗാന്ധി സംഘടന ചുമതലയില്‍ എത്തിയാല്‍ അത് വലിയ ഉണര്‍വ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഉണ്ടാക്കുമെന്ന് നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചു. അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തനിക്കും എതിര്‍പ്പില്ലെന്ന് സോണിയ ഗാന്ധിയും അറിയിച്ചു. തുടര്‍ന്നാണ് വേണുഗോപാലിന് രാജസ്ഥാനില്‍ സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്. അതേസമയം പ്രിയങ്കയെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂല അഭിപ്രായമില്ലെന്നാണ് വിവരം. ഇക്കാര്യത്തില്‍ പ്രിയങ്കയുടെ തീരുമാനത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് സോണിയ ഗാന്ധിയും വ്യക്തമാക്കി. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആണ് പ്രിയങ്കാഗാന്ധി.