കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനെ കുറിച്ചുള്ള നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വിവാദ പ്രസ്താവനയിൽ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ലിസ്റ്റിൻ പരാതി നൽകിയാൽ മാത്രം പരിശോധിക്കുമെന്നും ലിസ്റ്റിന്റെ ആരോപണം വ്യക്തിപരമായ വിഷയമായി കാണുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കി. മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നുമായിരുന്നു ലിസ്റ്റിന്റെ താക്കീത്. നടൻ ആരാണെന്ന് വെളിപ്പെടുത്താത്ത ലിസ്റ്റിൻ നടത്തിയ വിമർശനം വലിയ രീതിയിൽ ചർച്ചയാകുന്നതിനിടെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം.
വിഷയത്തിൽ ഇടപെടേണ്ട എന്നാണ് അസോസിയേഷൻ തീരുമാനം. ലിസ്റ്റിൻ സ്റ്റീഫൻ പരാതി നൽകിയാൽ അത് പരിശോധിക്കും. പരാതി ഔദ്യോഗികമായി ലഭിക്കാതെ രണ്ട് പേരുമായും ചർച്ചയ്ക്കില്ലെന്നുമാണ് അസോസിയേഷൻ നിലപാട്. അസോസിയേഷന്റെ ട്രഷററായ ലിസ്റ്റിൻ പരാതി നൽകാതെ പൊതു വേദിയിൽ വിമർശനം നടത്തിയതിൽ അസോസിയേഷനിൽ എതിർപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇതും നിലപാടിന്റെ കാരണമാണ്. അതേസമയം ലിസിറ്റിന്റെ അഭിപ്രായ പ്രകടനത്തിൽ മറ്റ് സിനിമ സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നടന്റെ പേര് പറയാതെയുള്ള വിമർശനം അപഖ്വമായി പോയി എന്നാണ് പലരുടെയും നിലപാട്.