തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊന്നാട അണിയിക്കുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി നഞ്ചിയമ്മയ്ക്ക് കൈകൊടുത്തു. എപ്പോഴും മുഖത്തുള്ള ആ നിറഞ്ഞ ചിരിയായിരുന്നു നഞ്ചിയമ്മയുടെ മറുപടി. ശബ്ദം പോയിരിക്കുകയാണെങ്കിലും തന്റെ മക്കള്‍ക്ക് ഒരു പാട്ടു കൂടി പാടിക്കൊടുക്കാന്‍ നഞ്ചിയമ്മ മറന്നില്ല. ദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണ ഉദ്ഘാടനത്തില്‍ വെച്ചാണ് മുഖ്യമന്ത്രി നഞ്ചിയമ്മയെ ആദരിച്ചത്.
തങ്ങളുടെ കൂട്ടത്തില്‍ കഴിവുറ്റ നിരവധി പേര്‍ ഉണ്ടെന്നും അവരെ സര്‍ക്കാര്‍ പുറത്തുകൊണ്ടുവരണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു. ”എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്. നമ്മള്‍ടെ മുഖ്യമന്ത്രി, മക്കള്‍… എല്ലാവര്‍ക്കും നന്ദി. മക്കള്‍ എനിക്ക് തന്ന അവാര്‍ഡാണ്. ഞാന്‍ കഷ്ടപ്പെട്ട് മേടിച്ചതല്ല. എന്റെ പാട്ടിനെ ഇനീം ഞാന്‍ നിങ്ങള്‍ക്ക് തരാം. ഇനീം മക്കള്‍ ഉള്ളിലുണ്ട്. അവരെ സര്‍ക്കാര്‍ പൊറത്ത് കൊണ്ടുവരണം. എന്റെ പാട്ട് പുടിച്ചാ എടുത്താല്‍ മതിയെന്നാണ് സച്ചി സാറിനോട് പറഞ്ഞത്. എനിക്ക് കൊറേ പറയാനും പാടാനുമുണ്ട്.- നഞ്ചിയമ്മ പറഞ്ഞു.
കൊറേ പരിപാടിയുണ്ടായതുകൊണ്ട് തന്റെ ശബ്ദം പോയിരിക്കുകയാണെന്നു പറഞ്ഞ് നഞ്ചിയമ്മ ക്ഷമാപണം നടത്തി. എന്നാല്‍ ഒരു പാട്ടുകൂടി പാടിത്തരാമെന്നു പറഞ്ഞാണ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ”കലക്കാത്ത സന്ദനമേരം എന്ന ഗാനം നഞ്ചിയമ്മ പാടിയപ്പോള്‍ വലിയ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.