ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രം. മാർച്ച് സംഘങ്ങൾ, ബാൻഡുകൾ, നിശ്ചല ദൃശ്യങ്ങൾ, പ്രകടനങ്ങൾ എന്നീ പരിപാടികളിൽ സ്ത്രീകൾ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.
‘അടുത്ത വർഷം റിപ്പബ്ലിക് ദിനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. അതിൽ മാർച്ച്, ബാൻഡ് സംഘങ്ങൾ, പരേഡിലെ നിശ്ചല ദൃശ്യങ്ങൾ, പ്രകടനങ്ങളിലും സ്ത്രീകൾ മാത്രമായിരിക്കും ഉൾപ്പെടുന്നത്’, ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ആഭ്യന്തര, സാംസ്കാരിക, നഗരവികസന മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024 ജനുവരി 26-ന് സെൻട്രൽ ന്യൂ ഡൽഹിയിലെ രാജ്പഥ് കർത്തവ്യ പാതയിലാണ് പരിപാടി നടക്കുന്നത്. പരേഡിലെ സംഘങ്ങളിലും നിശ്ചലദൃശ്യങ്ങളിലും മറ്റ് പ്രകടനങ്ങളിലും സ്ത്രീകളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സേനയ്ക്കും മറ്റ് വകുപ്പിനും അയച്ച കുറിപ്പിൽ പറയുന്നു. കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെ നടപ്പാക്കണമെന്ന് ചർച്ച ചെയ്യുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ പരേഡ് സായുധ സേനയിലും മറ്റ് മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലായിരുന്നു. 2015 ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നും ഒരു മുഴുവന്‍ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നു. 2019ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായിരുന്നു ക്യാപ്റ്റന്‍ ശിഖ സുരഭി.