കോഴിക്കോട്: കെ കെ രമ എംഎല്‍എക്കെതിരായ വ്യക്തി അധിക്ഷേപ പ്രസ്താവനയില്‍ എം എം മണി എംഎല്‍എയുടെ കോലം കത്തിച്ച് ആര്‍എംപിഐ പ്രതിഷേധം.രാത്രി വൈകിയായിരുന്നു കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിഐ പ്രകടനവും കോലം കത്തിക്കലും നടന്നത്. കനത്ത മഴക്കിടയിലും നിരവധി പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. എം എം മണിക്ക് എതിരേയും സിപിഐഎമ്മിനെതിരേയും രൂക്ഷമായ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടയിലായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി കെ കെ രമക്കെതിരെ വ്യക്തി അധിക്ഷേപ പരാമര്‍ശം നടത്തിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച മഹതി വിധവയായിപ്പോയത് അവരുടെ വിധിയാണെന്നും അതിന് തങ്ങള്‍ ആരും ഉത്തരവാദിയല്ലെന്നുമായിരുന്നു മണിയുടെ പരാമര്‍ശം.
എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. എന്നാല്‍, കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് മണി മറുപടി നല്‍കുകയും പരാമര്‍ശത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. സഭാ രേഖയില്‍ നിന്ന് പരാമര്‍ശം ഒഴിവാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും അവശ്യം പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.