റാന്നി : റാന്നി – കോഴഞ്ചേരി റോഡിൽ ആയിക്കൽ കുന്ന് വീടുനിർമാണത്തിനായി ഇടിച്ചുനിരത്തുന്നതിൽ പ്രതിഷേധം. താലൂക്ക് വികസന സമിതിയിൽ വിഷയം ഉന്നയിച്ചതോടെ തഹസിൽദാരും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും സ്ഥലം സന്ദർശിച്ചു. കുന്ന് ഇടിച്ചു നിരത്തുന്നതിൽ പ്രതിഷേധിച്ച് സമീപവാസികളിൽ ചിലരും രംഗത്തെത്തി. സമീപവാസിയായ അമ്മയും മകനും മണ്ണ് എടുക്കാനെത്തിയ ടിപ്പറിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മണ്ണെടുക്കുന്നതെന്നും അതിനാൽ ഇത് തടയാനാകില്ലെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.
ആയിക്കൽ തിരുവാഭരണപ്പാറയ്ക്ക് സമീപം റോഡരികിലുള്ള വലിയ കുന്നിന്റെ തുടക്കഭാഗത്താണ് സ്വകാര്യവ്യക്തി മണ്ണിടിക്കുന്നത്. വീട് വെയ്ക്കുന്നതിനാണ് നിരപ്പാക്കുന്നത്. കുറച്ച് ഭാഗം മാത്രമാണ് ഇടിക്കുന്നത്. ആവശ്യമായ അനുമതികളും കോടതി ഉത്തരവുമായാണ് നടപടിയെന്ന് റാന്നി തഹസിൽദാർ പറഞ്ഞു. രണ്ട് ദിവസമായി മണ്ണെടുപ്പ് നടന്നുവരുന്നു. ശനിയാഴ്ച താലൂക്ക് വികസന സമിതിയിൽ വിഷയം ജില്ലാപഞ്ചായത്തംഗം ജോർജ് ഏബ്രഹാം ഉന്നയിച്ചു. തുടർന്ന് തഹസിൽദാർ അജികുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ.പ്രകാശ്, കെ.ആർ.സന്തോഷ്, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അവിടെ ഉണ്ടായിരുന്ന ടോറസിൽ അമിതഭാരം കയറ്റി മണ്ണ് കൊണ്ടുപോകുന്നുണ്ടോയെന്ന് പരിശോധിക്കാൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇതിനിടയിൽ സമീപവാസികളിൽ ചിലർ പരസ്യ പ്രതിഷേധവുമായെത്തി. സമീപവാസിയായ സുനിത അനിൽകുമാറും മകൻ അരവിന്ദും മണ്ണെടുക്കാനെത്തിയ ടോറസിന് മുന്നിലെത്തി പ്രതിഷേധിച്ചു.