ന്യൂഡൽഹി: ലഡാക്കിന്റെ സംരക്ഷണത്തിനുവേണ്ടി പൊരുതുന്ന കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക്കും മറ്റു ആക്ടിവിസ്റ്റുകളും ജന്തർ മന്തറിലോ തലസ്ഥാനത്തെ മറ്റേതെങ്കിലും സ്ഥലത്തോ പ്രതിഷേധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അടിയന്തര വാദം കേൾക്കണമെന്ന് ഹർജി സമർപിച്ച ‘അപെക്സ് ബോഡി ലേ’ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് ബുധനാഴ്ചത്തേക്ക് തീരുമാനിച്ചു. വാങ്ചുക്കും മറ്റ് 200 ഓളം പേരും ലഡാക്കിലെ ലേയിൽ നിന്ന് ഡൽഹിയിലേക്ക് സമാധാനപരമായ പ്രതിഷേധ മാർച്ചിന് തുടക്കമിട്ടതായും ലഡാക്കിന്റെയും വിശാലമായ ഹിമാലയൻ മേഖലയുടെയും പാരിസ്ഥിതികവും സാംസ്കാരികവുമായ തകർച്ചയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന
ലക്ഷ്യത്തോടെ നടത്തുന്ന മാർച്ച് 30 ദിവസം കൊണ്ട് 900 കിലോമീറ്ററിലധികം പിന്നിട്ടുവെന്നും ഹർജിയിൽ പറയുന്നു. ജന്തർ മന്തറിലോ ഡൽഹിയിലെ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തോ ബോധവൽക്കരണ കാമ്പെയ്‌നും സമാധാനപരമായ പ്രതിഷേധവും നടത്താനാണ് ഹർജിക്കാരുടെ സംഘടന ഉദ്ദേശിക്കുന്നത്. എന്നാൽ ജന്തർ മന്തറിൽ സമാധാനപരമായ പ്രകടനം നടത്താനുള്ള അഭ്യർത്ഥന ഏകപക്ഷീയമായി നിരസിച്ചുകൊണ്ട് ഒക്ടോബർ 5ന് ഡൽഹി പോലീസ് സംഘടനക്ക് കത്തെഴുതിയെന്നും അതുവഴി ‘സ്വതന്ത്രമായി സംസാരിക്കാനും സമാധാനപരമായി സമ്മേളിക്കാനുമുള്ള മൗലികാവകാശങ്ങളെ ഹനിക്കുകയാണെന്നും’ ഹർജിയിൽ പറയുന്നു.
ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്നതിനിടെ സെപ്റ്റംബർ 30ന് വാങ്ചുക്കിനെയും കൂട്ടാളികളെയും ലോക്കൽ പോലീസ് ഡൽഹി അതിർത്തിയിൽ തടഞ്ഞ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇവരെ പിന്നീട് വിട്ടയച്ചു. ആറാമത്തെ ഷെഡ്യൂൾ പ്രകാരം അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ആദിവാസി മേഖലകളെ ‘സ്വയംഭരണ ജില്ലകളും സ്വയംഭരണ പ്രദേശങ്ങളും’ ആയി കണക്കാക്കുന്നുണ്ട്.