കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മോദിയുടെ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന് സമീപത്തെ റോഡിലിറങ്ങി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കനത്ത സുരക്ഷയ്ക്കിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പിഎച്ചിന്റെ പ്രതിഷേധം. മോദി ഗോബാക്ക് എന്ന്് വിളിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലെ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തുന്നത്. ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും.