തിരുവനന്തപുരം : അമ്മയറിയാതെ ദത്തു നൽകിയ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി വരുംവരെ സമരം തുടരുമെന്ന് അനുപമ– അജിത് ഐക്യദാര്‍ഢ്യ സമിതി. തുടര്‍സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെ.കെ.രമ എം.എല്‍.എ. കുഞ്ഞിനെ ദത്ത് നല്കിയ കേസിൽ ഗുരുതര പിഴവുകൾ ഉൾക്കൊള്ളുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി. ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സിക്കും പിഴവുകൾ സംഭവിച്ചതായി കണ്ടെത്തി. പെറ്റമ്മ അവകാശവാദം ഉന്നയിച്ചശേഷവും ദത്ത് നടപടികളുമായി മുന്നോട്ടുപോയി. ക്രിമിനൽ ഗൂഢാലോചന നടത്തിയവർക്കെതിരെ പോരാട്ടം തുടരുമെന്ന് അനുപമയും അജിത്തും വ്യക്തമാക്കി.
കുടുംബകോടതിയുടെ അടിയന്തിര ഇടപെടലോടെയാണ് കുഞ്ഞ് വീണ്ടും പെറ്റമ്മയുടെ കരങ്ങളിൽ എത്തിയത്. ഉച്ചയോടെ കോടതിയിൽ എത്തിച്ച കുഞ്ഞിനെ കോടതി നടപടികൾക്കു ശേഷം അനുപമയ്ക്കു ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ കൈമാറി. ഇതിനുള്ള ഉത്തരവിനു മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിർമല ശിശുഭവനിൽ നിന്ന് കുഞ്ഞിനെ കോടതിയിൽ എത്തിച്ചിരുന്നു. ജഡ്ജി ബിജു മേനോന്റെ ചേംബറിൽ വെച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. ഉച്ചയ്ക്കു ശേഷം 2.30 ഓടെ ആരംഭിച്ച കോടതി നടപടികൾ ഒന്നരമണിക്കൂറോളം നീണ്ടു.