റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് കുടിവെള്ളക്ഷാമം നേരിടുന്ന നാലാം വാർഡിലെ പുതുവൽ, മന്ദപ്പുഴ കോളനി, കുളത്തും നിരവേൽ,നെല്ലിപ്പാറ പ്രദേശങ്ങളിലെ ജനങ്ങളുടെ കൂട്ടായ്മയായ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വർഷങ്ങളായിട്ട് കുടിവെള്ള പ്രശ്നം നേരിടുന്ന സ്ഥലമാണ് മന്ദപ്പുഴ. ഓരോ വേനലിലും വെള്ളത്തിന് ക്ഷാമം നേരിടുമ്പോൾ അടുത്ത വർഷത്തിനുള്ളിൽ പരിഹാരമുണ്ടാക്കാം എന്ന വാഗ്ദാനം മാത്രമാണ് പഞ്ചായത്ത് ഭരണസമിതി നൽകി വരുന്നത്.
കഴിഞ്ഞ വർഷത്തെ വേനലിന് മുമ്പായി പൂർത്തീകരിച്ച് പ്രവർത്തന യോഗ്യമാക്കും എന്ന് പറഞ്ഞ അടൂർ വാട്ടർ അതോരറ്റിയുടെ പ്രോജക്ട് വർക്ക് പെരുനാട് പുവത്തുംമൂട്ടിലെ വാട്ടർ ടാങ്ക് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ വരൾച്ച അനുഭവപ്പെടുന്ന ഈ സമയമായിട്ടും പ്രവർത്തന യോഗ്യമാക്കാൻ സാധിച്ചിട്ടില്ല. അടൂർ വാട്ടർ അതോരറ്റിയുടെ പ്രോജക്ട് വർക്ക് പ്രവർത്തിച്ചു തുടങ്ങി കഴിഞ്ഞാൽ കോട്ടക്കുഴിയിലുള്ള വാട്ടർ ടാങ്കിലോട്ട് പമ്പു ചെയ്യുകയും അവിടെ നിന്ന് മന്ദപ്പുഴ ഭാഗത്തുള്ള വീടുകളിലേക്ക് ജലജീവന്‍ പദ്ധതി പ്രകാരം കണക്ഷനും കൊടുക്കാം. ഉദ്യോഗസ്ഥന്മാരുടെ അലംഭാവം കാരണമാണ് ഇത് താമസിക്കുന്നത്. റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഇതിന് പരിഹാരം ഉണ്ടാക്കാം എന്ന് കഴിഞ്ഞ വർഷം പറഞ്ഞതാണ്. ഇതുവരെയായിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ല.
വേനൽ സമയത്ത് കുടിവെള്ളത്തിനായി പഞ്ചായത്ത് തുക മാറ്റി വെച്ചിട്ടുള്ളതുമാണ്. എല്ലാവർഷവും തുക മാറ്റിവയ്ക്കും എന്നാൽ വേനൽ കഴിഞ്ഞ് മഴ തുടങ്ങുമ്പോഴാണ് ടെൻഡർ നടപടികൾ വരെ പൂർത്തിയാകുന്നത്. ഇതിനെല്ലാം പരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് മന്ദപ്പഴയിൽ ജനങ്ങൾ രൂപീകരിച്ച ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. ജനകീയ സമരസമിതി കൺവീനർ സോമരാജന്റെ അധ്യക്ഷതയിൽ പെരുനാട് പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.സാനു മാമ്പാറ, അഞ്ചു, ഷൈലജ എന്നിവർ പ്രസംഗിച്ചു.