ബെംഗളൂരു: കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കെതിരെ കര്‍ണാടക നിയമസഭയില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്ന് ബിജെപി. അഞ്ച് വാഗ്ദാനങ്ങളും സൗജന്യങ്ങളുടെ വിതരണം ആണെന്നും ഇത് സംസ്ഥാനത്തെ കടക്കെണിയില്‍ ആക്കുമെന്നും ആരോപിച്ചാണ് അടിയന്തിര പ്രമേയം. അതേസമയം, പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
നേരത്തെ കേന്ദ്രത്തിന്റെ നിസ്സഹകരണം മൂലം സര്‍ക്കാരിന്റെ അന്നഭാഗ്യ പദ്ധതി നടപ്പിലായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അരി നല്‍കാത്തതിനാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘അന്നഭാഗ്യ’ പദ്ധതി അനിശ്ചിതത്വത്തിലാണ്. നേരത്തേ പ്രഖ്യാപിച്ചത് പോലെ ജൂലൈ 1-ന് പദ്ധതി തുടങ്ങാനായില്ല. ഒരു മാസം വൈകിയിട്ടാണെങ്കിലും പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നതും സ്വന്തമായി ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് കര്‍ണാടകയ്ക്ക് ഇപ്പോള്‍ 2.17 ലക്ഷം മെട്രിക് ടണ്‍ അരി കിട്ടുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഒരു വിഹിതം പോലും തരാന്‍ കഴിയില്ലെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കെ എച്ച് മുനിയപ്പയെ അറിയിച്ചത്.