കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തേക്കുതോട് പ്ലാൻ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. റോഡ് തകർച്ച മൂലം വലിയ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമാവുകയാണ്.
തേക്കുതോട്,കരിമാൻതോട്,പൂച്ചക്കുളം,തൂമ്പാക്കുളം,ഏഴാംതല തുടങ്ങി നിരവധി പ്രദേശത്തെ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. തേക്കുതോട് റോഡിലെ പ്ലാൻ്റേഷൻ ഭാഗം ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നാല് കിലോമീറ്റർ ദൂരം റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.05 കോടി രൂപ മുടക്കി ഉന്നതനിലവാരത്തിൽ പുനർനിർമ്മിക്കുമെന്ന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ പ്രഖ്യാപനം നടത്തിയിരുന്നു.
നാളിതുവരെ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതാണ് ജനങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നത്. റോഡ് നിർമ്മാണത്തിൻ്റെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുവാൻ വൈകുന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വൈകുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പ്ലാൻ്റേഷൻ റോഡ് അവസാനിക്കുന്നിടത്തു നിന്ന് കരിമാൻതോടുവരെ 2.2 കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പും നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കി പണം അനുവദിച്ച് സാങ്കേതിക അനുമതിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ ഭാഗവും ബി.എംആൻ്റ് ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നതെന്നും അധികൃതർ പറഞ്ഞു. മഴ കൂടുതൽ ശക്തമായാൽ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാകുമെന്നും നാട്ടുകാർ പറയുന്നു.