റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ജണ്ടായിക്കല്‍ പണി കഴിപ്പിച്ച സ്റ്റേഡിയം തുറക്കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനും പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കേരളമൊട്ടാകെ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെ സ്റ്റേഡിയം നിര്‍മ്മിച്ചത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയം കായിക പ്രേമികള്‍ക്ക് തുറന്നുകൊടുക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ജണ്ടായിക്കലില്‍ പൂര്‍ത്തികരിച്ച മിനി സ്റ്റേഡിയമാണ് കഴിഞ്ഞ അഞ്ചു മാസമായി അടഞ്ഞുകിടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളമൊട്ടാകെയുള്ള ഇത്തരം സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചതാണ്. എന്നാല്‍ ശിലാഫലകം സ്ഥാപിച്ച ശേഷം സ്റ്റേഡിയം തുറന്നു കൊടുത്താല്‍ മതി എന്ന ചില ജനപ്രതിനിധികളുടെ തീരുമാനമാണ് റാന്നി ജണ്ടായിക്കലെ സ്റ്റേഡിയം തുറന്നുകൊടുക്കാന്‍ വൈകുന്നതെന്ന ആരോപണവുമുണ്ട്.
പ്രദേശത്തെ യുവാക്കള്‍ കായിക പരിശീലനത്തിനും പ്രാദേശിക ക്ലബ്ബുകളുടെ ടൂര്‍ണമെന്റിനും മറ്റുമായി ഉപയോഗിച്ചു കൊണ്ടിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള നാട്ടിന്‍ പുറത്തെ മൈതാനമാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപ ചിലവഴിച്ച് നവീകരിച്ചത്. വിശ്രമമുറി, ശൗചാലയം, ഫ്‌ളഡ് ലൈറ്റ് സംവിധാനം എന്നിവ ഉള്‍പ്പെടുത്തി വിപുലീകരണ ജോലികള്‍ പൂര്‍ത്തികരിച്ച സ്റ്റേഡിയം ഉപയോഗിക്കാതായതോടെ വശങ്ങളില്‍ കാടുകയറി. പ്രഭാത നടത്തത്തിനും വൈകുന്നേരം കാല്‍പ്പന്തുകളിക്കും ഇടം കണ്ടെത്തിയ പ്രദേശവാസികളായ യുവജനങ്ങള്‍ മറ്റ് സ്ഥലങ്ങളിലാണ് ഇപ്പോള്‍ കളികാന്‍ പോകുന്നത്. റാന്നി താലൂക്കിലെ അയിരൂര്‍, ജണ്ടായിക്കല്‍, വടശേരിക്കര പേഴുംപാറ എന്നിവടങ്ങളിലും സ്റ്റേഡിയത്തിനുള്ള തുക അനുവദിച്ചെങ്കിലും പണി പൂര്‍ത്തിയാക്കിയത് ജണ്ടായിക്കല്‍ മാത്രമാണ്.