ഓമല്ലൂർ : രക്തകണ്ഠസ്വാമി ക്ഷേത്രം ഉപദേശകസമിതിയുടെ പ്രവർത്തനം മരവിപ്പിച്ച് ഈ വർഷത്തെ ഉത്സവം തിരുവിതാംകൂർ ദേവസ്വം നേരിട്ട് നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎം ലോക്കൽ കമ്മിറ്റിയും ദേവസ്വം പ്രസിഡന്റും ചേർന്നുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് ഈ തീരുമാനമെന്നാരോപിച്ച് ശ്രീരക്തകണ്ഠ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് ഓമല്ലൂരിൽ അമ്പലം ജംഗ്ഷനില്‍ ഭക്തജന പ്രതിഷേധ സംഗമവും നാമജപഘോഷയാത്രയും നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഹരിദാസ് ഉദ്ഘാടനം ചെയ്യും.
രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം മേയ് എട്ടിനാണ് തുടങ്ങുന്നത്. ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയപ്പോഴാണ് ദേവസ്വം ബോർഡ് നേരിട്ട് ഉത്സവം നടത്തുവാൻ തീരുമാനിച്ചതായുള്ള ഉത്തരവ് വന്നതെന്നും ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ക്ഷേത്രം സംരക്ഷണസമിതി ആരോപിച്ചു. പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എൻ. ശ്രീധരശർമയുടെ നേതൃത്വത്തിലും എരുമേലി ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. ശ്രീശങ്കറുടെ ചുമതലയിലും ഈ വർഷത്തെ ക്ഷേത്രോത്സവം നടത്തുവാൻ തിങ്കളാഴ്ച ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു.