തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടുത്തത്തെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വൈകും. തീപിടിത്തത്തെ സംബന്ധിച്ച അന്വേഷണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയുമൊരു മാസം കൂടി വൈകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം ലഭിക്കാത്തതിനാലാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതെന്നാണ് വിശദീകരണം.
തീപിടുത്തത്തില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്ന് ഫയര്‍ഫോഴ്സും ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലവും കെമിക്കല്‍ പരിശോധനാ ഫലവും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത് ആഗസ്റ്റ് 25നാണ്.