കോഴിക്കോട് : പി.എസ്.സി പരീക്ഷാ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പരീക്ഷാഹാളില്‍ വാച്ച് അനുവദിക്കാത്ത സാഹചര്യത്തില്‍ സമയമറിയുന്നതിന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷന്‍ പി.എസ്.സി സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പരീക്ഷാ സൂപ്രണ്ട് ഉദ്യോഗാര്‍ഥികളെ സമയം അറിയിക്കാറുമുണ്ട്. എന്നാല്‍ മണി മുഴക്കുന്നത് പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു. സമയം ഓര്‍മ്മിപ്പിക്കാന്‍ നിരീക്ഷകര്‍ മറന്നു പോകാറുണ്ടെന്നും പരാതിക്കാരന്‍ അറിയിച്ചു.
ക്രമക്കേടുകള്‍ കൂടാതെ സുതാര്യതയോടെയും ചിട്ടയോടെയും പരീക്ഷ നടത്തുന്നതിന് നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പില്‍ വരുത്താനുള്ള അധികാരം പി.എസ്.സിയില്‍ നിക്ഷിപ്തമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എങ്കിലും സമയം ക്രമീകരിച്ച് ഉത്തരങ്ങള്‍ എഴുതേണ്ടത് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് പ്രാധാനമാണ്.