തിരുവനന്തപുരം : പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റ് അച്ചടിക്കുള്ള രഹസ്യ വിവരങ്ങൾ തിരുവനന്തപുരത്തെ സർക്കാർ പ്രസിൽനിന്ന് നഷ്ടമായതിൽ പോലീസ് അന്വേഷണം തുടങ്ങി. ജീവനക്കാരൻ നശിപ്പിച്ചെന്ന് ആരോപിച്ച് അച്ചടി വകുപ്പ് ഡയറക്ടർ നൽകിയ പരാതിയിലാണ് അന്വേഷണം. വകുപ്പ് തന്നെ പരാതി നൽകിയതോടെ രഹസ്യ വിവരങ്ങൾ നഷ്ടമായിട്ടില്ലെന്ന പിആർഡിയുടെയും സർക്കാരിന്‍റെയും വാദം ഇതോടെ പൊളിഞ്ഞു.
പിഎസ്‌സി പരീക്ഷയുടെ ഒഎംആർ ഷീറ്റിൽ ഉൾപ്പെടുത്തേണ്ട ബാർ കോഡിങ്ങിന് ഉപയോഗിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ഉൾപ്പെടെയുള്ള ഫയലാണ് നഷ്ടമായത്. പ്രസിലെ ഒന്നാം ഗ്രേഡ് ബൈൻഡറായ വി.എൽ. സജിയുടെ ഔദ്യോഗിക ലാപ്‌ടോപ്പിലും കംപ്യൂട്ടറിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. സജി ഇവ നശിപിച്ചുവെന്നാണ് അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതി. ഓഗസ്റ്റ് 7ന് മുൻപാണ് നശിപ്പിച്ചതെന്നും ആരോപിക്കുന്നു. പരാതി പ്രകാരം സജിയെ പ്രതിചേർത്താണ് പോലീസിന്റെ അന്വേഷണം. സജിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഡയറക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ അച്ചടി വകുപ്പും പിഎസ്‌സിയും ചേർന്ന് മൂടിവെയ്ക്കാൻ ശ്രമിച്ച ഫയൽ ചോർച്ചയാണു പുറത്തായത്. നേരത്തെ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തപ്പോൾ വ്യാജ വാർത്തയെന്നായിരുന്നു സർക്കാർ നിലപാട്. വാർത്തകളുടെ നിജ സ്ഥിതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പിആർഡി തുടങ്ങിയ ഫാക്ട് ചെക്ക് സംഘം ഇത് കള്ള വാർത്തയെന്ന് പ്രസിദ്ധീകരിച്ചു. എന്നാൽ വാർത്ത ശരിവെച്ച് പോലീസ് കേസെടുത്തതോടെ മുഖ്യമന്ത്രിയുടെ വകുപ്പിനു നിലപാടു തിരുത്തേണ്ട അവസ്ഥയാണ്.