തിരുവനന്തപുരം : ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി). റാങ്ക് പട്ടികകള്‍ കൂട്ടത്തോടെ റദ്ദാകാന്‍ ഇനി 14 ദിവസം മാത്രം. 493 പട്ടികകള്‍ റദ്ദാകുന്നതോടെ മൂന്നു ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സാധ്യത ഇല്ലാതാവും. 40 ശതമാനം പേര്‍ക്ക് പോലും ജോലി കിട്ടാതെയാണ് ഭൂരിഭാഗം പട്ടികകളും റദ്ദാകുന്നത്. പട്ടിക നീട്ടണമെന്ന അപേക്ഷയുമായി മുഖ്യമന്ത്രിയുടെ ഓഫിസ് മുതല്‍ എകെജി സെന്റര്‍ വരെ ഉദ്യോഗാര്‍ഥികള്‍ കയറിയിറങ്ങിയിട്ടും അനുകൂല തീരുമാനമായിട്ടില്ല.
എൽഡിവി ഡ്രൈവര്‍ പട്ടികയില്‍നിന്ന് തിരുവനന്തപുരത്ത് 10 പേരെക്കൂടി നിയമിച്ചാല്‍ നെടുമങ്ങാട് സ്വദേശി ഷൈജുവിന് ജോലി കിട്ടും. ഉയര്‍ന്ന റാങ്ക് കിട്ടിയതോടെ ജോലി ഉറപ്പിച്ചതാണ്. പക്ഷേ ആ സ്വപ്നം നീണ്ടു പോയതോടെ ഷൈജുവിന്റെ വരുമാനം മാത്രം ആശ്രയിക്കുന്ന വീട്ടില്‍ കടം കയറി തുടങ്ങി. ഒടുവില്‍ ടാപ്പിങ് കത്തി കയ്യിലെടുക്കേണ്ടിവന്നു.
ജപ്തി ഭീഷണി നേരിടുന്ന വീട്ടിലിരുന്നാണ് വലിയമല സ്വദേശിനി സന്ധ്യ ട്യൂഷനെടുക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജോലി രാജിവെച്ച് മൂന്നു വര്‍ഷം പരിശീലനത്തിന് പോയാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് പട്ടികയിൽ ഇടം പിടിച്ചത്. പട്ടിക റദ്ദായാല്‍ ജോലിയെന്ന സ്വപ്നം എന്നേക്കുമായി അവസാനിക്കും.
ഇവരെ പോലെ മൂന്നു ലക്ഷത്തിലേറെപ്പേരാണ് സര്‍ക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്. പട്ടികകള്‍ കൂട്ടത്തോടെ റദ്ദാകുമ്പോഴും സാധാരണ നടക്കേണ്ട നിയമനം പോലും നടന്നിട്ടില്ലെന്ന് കണക്കുകളില്‍ വ്യക്തമാണ്. ഏറ്റവും വലിയ ലിസ്റ്റ് എൽജിഎസ് ആണ്. 46,285 പേരുള്ള പട്ടികയില്‍നിന്ന് നിയമനം നടന്നത് 6788 പേർക്കു മാത്രം. അതായത് 15 ശതമാനം പേര്‍ക്കുമാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ. 39,400 ലേറെപ്പേര്‍ പുറത്തുപോകും.
എൽഡി ക്ലര്‍ക്ക് പട്ടികയും സമാനമാണ്. 36,783 പേരില്‍നിന്ന് ജോലി കിട്ടിയത് 9423 പേര്‍ക്ക്. നിയനം 26 ശതമാനം മാത്രം. 4752 പേരുടെ എൽഡിവി ഡ്രൈവര്‍ പട്ടികയിലെ നിയമനം 18 ശതമാനവും വനിത സിവില്‍ പോലീസ് ഓഫീസര്‍ പട്ടികയില്‍ വെറും 34 ശതമാനവുമാണ്. രണ്ട് അപേക്ഷകളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ട് വെയ്ക്കുന്നത്. പരമാവധി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുക മൂന്ന് മാസത്തേക്കെങ്കിലും പട്ടിക നീട്ടുക.