തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായതോടെ പരിഹാരവഴി തേടി സര്‍ക്കാര്‍. ഉദ്യോഗസ്ഥ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ നാളത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഉടന്‍ തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സിനെയും കായികതാരങ്ങളെയും സര്‍ക്കാര്‍ അറിയിച്ചു. കായിക താരങ്ങള്‍ തത്കാലത്തേക്ക് സമരം നിര്‍ത്തി.
നടുറോഡില്‍ കിടന്നും തലകുത്തി മറിഞ്ഞും ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ നടത്തിയ സമരം ഒടുവില്‍ സര്‍ക്കാര്‍ കണ്ടു. നാളെ തീരുമാനമെന്നാണ് കായികമന്ത്രി ഇ.പി. ജയരാജന്‍ ഇന്ന് നല്‍കിയ ഉറപ്പ്.
28 ദിവസത്തെ സഹനസമരത്തിനൊടുവില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതോടെ എല്‍. ജി.എസ് ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ ചില പ്രതീക്ഷകള്‍ കണ്ട് തുടങ്ങി. ഉദ്യോഗസ്ഥ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഫയലായി ഉടന്‍ ഇറങ്ങുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതുവരെയും റിപ്പോര്‍ട് ചെയ്യാത്ത ഒഴിവുകള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിച്ചു. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ആഭ്യന്തര സെക്രട്ടറിയും കൈമാറി. ഇവ പരിഗണിച്ച് നാളെ മന്ത്രിസഭ തീരുമാനിച്ചേക്കും.
എന്നാല്‍ ലിസ്റ്റ് റദ്ദായ സിവില്‍ പോലീസ് റാങ്ക് ലിസ്റ്റുകാരുടെ കാര്യത്തില്‍ തുടര്‍ ചര്‍ച്ചകളൊന്നുമില്ല. ശമ്പളവും അംഗീകാരവും ലഭിക്കാത്ത അധ്യാപകരുടെ റിലേ നിരാഹാരം 22 ദിവസമായിടും അനുകൂല നടപടിയായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം തുടരുകയാണ്.