ഹൊറർ സിനിമകൾ കാണുന്നത് ചിലർക്ക് ഇഷ്ടമല്ല. എന്നാൽ ഇത്തരം സിനിമകൾ തിരഞ്ഞെടുത്ത് കാണുന്നവരാണ് മറ്റ് ചിലർ. ഇങ്ങനെ സിനിമ കണ്ട് പേടിച്ചിട്ട് വല്ലകാര്യവുമുണ്ടോ ? ഉണ്ടെന്നാണ് ആരോഗ്യലോകം പറയുന്നത്. ഹൊറർ സിനിമകൾ കാണുമ്പോൾ എൻഡോർഫിൻ, ഡോപ്പമിൻ പോലുള്ള സന്തോഷ ഹോർമോണുകൾ റിലീസ് ആവാറുണ്ട്. ഇത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. എഡിൻബർ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ന്യൂറോസൈക്കോളജിസ്റ്റ് ഡോ. ക്രിസ്റ്റൻ നോൾസ് പറയുന്നത് ഹൊറർ സിനിമകൾ കാണുമ്പോൾ റിലീസാവുന്ന എൻഡോർഫിൻ വേദന സഹിക്കാനുള്ള കഴിവ് വർധിപ്പിക്കുമെന്നാണ്.
ഭയത്തിലിരിക്കുമ്പോൾ വേദനയിൽ നിന്ന് ശ്രദ്ധ തെറ്റുന്നുണ്ട്. ഭയം പൊതിഞ്ഞിരിക്കുമ്പോൾ അതിൽ മാത്രമാവും ശ്രദ്ധ. അതുകൊണ്ട് തന്നെ മറ്റ് കാര്യങ്ങൾ മനസിൽ നിന്ന് പോകുന്നു. അതും വേദനയിൽ നിന്ന് രക്ഷപെടാന്‍ സഹായിക്കും. ഹൊറർ സിനിമകൾ കാണുന്നവർ കൊവിഡ് ബാധയുടെ സമയത്ത് മനശാസ്ത്രപരമായി കൂടുതൽ പ്രതിരോധ ശേഷിയുള്ളവരായിരുന്നു. കാരണം അവർ ഇത്തരം വൈകാരിക അസ്വസ്ഥതകളോട് പരിചയപെട്ടുകഴിഞ്ഞതാണ്. ഭയത്തോട് ശരീരം പ്രതികരിക്കുന്നത് അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിച്ചാണ്. ഇതിനൊപ്പം ഹൃദയമിടിപ്പും ശ്രദ്ധയും വർധിക്കും. സിനിമ അവസാനിക്കുമ്പോൾ ഇതൊക്കെ അവസാനിച്ച് വളരെ റിലാക്സ് ആവുകയും ചെയ്യും. ഭയപ്പെടുന്നതാണെങ്കിലും ത്രില്ലിങ്ങായ അനുഭവമാണിത്.