ഉപ്പുതോട് : പി.ടി. തോമസ് എം.എല്‍.എയുടെ ചിതാഭസ്മത്തിന്‍റെ ഒരുഭാഗം അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷംപോലെ തന്‍റെ കര്‍മഭൂമിയായ ഇടുക്കിയുടെ മണ്ണില്‍ അലിഞ്ഞു. എറണാകുളത്തു നിന്ന് എത്തിച്ച ചിതാഭസ്മം തിങ്കളാഴ്ച വൈകീട്ട് 5.15ന് ഉപ്പുതോട് സെന്‍റ് ജോസഫ് ദേവാലയത്തില്‍ പി.ടി. തോമസിന്‍റെ അമ്മയുടെ കല്ലറയില്‍ അടക്കംചെയ്തു.
കത്തോലിക്ക സഭയുടെ ചരിത്രത്തില്‍തന്നെ അപൂര്‍വമായ ചടങ്ങിന് പി.ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാക്ഷ്യംവഹിച്ചു. ഉച്ചമുതല്‍ ഉപ്പുതോട് പള്ളിയിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു. വൈകീട്ട് 4.10നാണ് ചിതാഭസ്മ പ്രയാണം ഉപ്പുതോടിലെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പി.ടിയുടെ കുടുംബാംഗങ്ങള്‍ക്ക് ചിതാഭസ്മ മടങ്ങിയ പേടകം കൈമാറി.
പി.ടി ബാല്യ-കൗമാരങ്ങള്‍ ചെലവഴിച്ച ഉപ്പുതോട് ഗ്രാമത്തില്‍ പേടകവുമായി വാഹനമെത്തിയപ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടു. സഹപാഠികള്‍, നാട്ടുകാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ദേവാലയ മുറ്റത്ത് തയാറാക്കിയ പന്തലിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.
പി.ടി. തോമസിന്‍റെ സഹോദരിമാരായ റോസക്കുട്ടി, ചിന്നമ്മ എന്നിവര്‍ ഉച്ചമുതല്‍ പള്ളി വരാന്തയില്‍ കാത്തിരിപ്പുണ്ടായിരുന്നു. പേടകം അവസാനമായി കല്ലറയിലേക്ക് എടുത്തപ്പോള്‍ ഭാര്യ ഉമയും മക്കളായ വിഷ്ണുവും വിവേകും വിങ്ങിപ്പൊട്ടി. മൃതദേഹം എറണാകുളം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിച്ചശേഷം ചിതാഭസ്മത്തില്‍ ഒരുഭാഗം അമ്മയുടെ കല്ലറയില്‍ സംസ്കരിക്കണമെന്നാണ് പി.ടി. തോമസ് അവസാനമായി സുഹൃത്തിനെ പറഞ്ഞേല്‍പിച്ചിരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി അംഗം ഐവാന്‍ ഡിസൂസ, എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ഡീന്‍ കുര്യാക്കോസ് എം.പി, കെ. ബാബു എം.എല്‍.എ, വി.പി. സജീന്ദ്രന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം. ആഗസ്തി, സി.പി. മാത്യു, ഫ്രാന്‍സിസ് ജോര്‍ജ്, റോയ് കെ. പൗലോസ്, ഇന്ദു സുധാകരന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, എസ്. അശോകന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.ടിയുടെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സഹോദരന്‍ പി.ടി. ജോര്‍ജും ചിതാഭസ്മത്തെ അനുഗമിച്ചു. രാവിലെ ഏഴിന് എറണാകുളത്തെ പി.ടിയുടെ വീട്ടില്‍നിന്ന് പുറപ്പെട്ട ചിതാഭസ്മപ്രയാണം നേര്യമംഗലം, അടിമാലി വഴിയാണ് ഉപ്പുതോടിലെത്തിയത്. ചടങ്ങിനുശേഷം ഉപ്പുതോട് ടൗണില്‍ നടന്ന അനുശോചന സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.