പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ കടത്തിണ്ണയില്‍ കഴിയുന്ന വയോധികന്‍ വ്യാപാരികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശല്യമാകുന്നു. കഴിഞ്ഞ ഒരുമാസമായി മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയാണ് ഇയാളുടെ താവളം. ഊണും ഉറക്കവും മാത്രമല്ല പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതും ഇവിടെത്തന്നെ. ഉദ്ദേശം 75 വയസ്സ് തോന്നിക്കുന്ന ഇയാളുടെ സ്വദേശം തിരുവനന്തപുരത്തിനു സമീപം ആയിരിക്കുമെന്ന് കണക്കുകൂട്ടുന്നു. ഇയാള്‍ പത്തനംതിട്ടയില്‍ വന്നിട്ട് ഏറെനാളുകള്‍ ആയെന്ന് വ്യാപാരികള്‍ പറയുന്നു.
ആരോടും തട്ടിക്കയറുന്ന ഇയാള്‍ അസഭ്യവര്‍ഷവുമായാണ് ഇവരെ നേരിടുന്നത്. ഇയാളുടെ ഇപ്പോഴത്തെ താവളത്തിന്റെ സമീപമുള്ള സ്ഥാപനങ്ങളില്‍ എല്ലാം സ്ത്രീകളാണ് ജോലിചെയ്യുന്നത്. പോലീസിനെ വിളിച്ച് പരാതി പറഞ്ഞാലും നടപടി സ്വീകരിക്കാറില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. കെന്നഡി ചാരിറ്റബിള്‍ ട്രസ്റ്റ് ഇയാളെ ഏറ്റെടുക്കുവാന്‍ വന്നെങ്കിലും അവരെ തെറി വിളിച്ച് തിരിച്ചയച്ചു. അധികാരികള്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.