ചെന്നൈ : സ്ത്രീകളെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ മരത്തില്‍ കെട്ടിയിട്ട് തല്ലി നാട്ടുകാര്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. പ്രദേശവാസികളാണ് യുവാക്കള്‍ക്ക് വിചിത്രമായ വിചാരണയും ശിക്ഷയും നടപ്പിലാക്കിയത്. തിരുപ്പത്തൂര്‍ ജില്ലയിലെ ഗൗതം, കാര്‍ത്തിക്, വല്ലരസു എന്നിവരാണ് പിടിയിലായത്.
വിചാരണ നടത്തിയ ശേഷം യുവാക്കളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ചരക്ക് വാഹനത്തില്‍ കയറി ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ഒരു കൂട്ടം സ്ത്രീകളെ ഏഴംഗ സംഘം പിന്തുടരുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇത് പിന്നീട് വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.
ഇതിനുപിന്നാലെ സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന വാഹനം സംഘം തടയുകയും ചെയ്തു. ഇതറിഞ്ഞെത്തിയ പ്രദേശവാസികള്‍ സംഘത്തിലെ മൂന്ന് പേരെ ഓടിച്ചിട്ട് പിടികൂടി. എന്നാല്‍ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയവരെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് ശേഷം നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.