പത്തനംതിട്ട : ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് നിര്‍വഹിച്ചു. ഗവണ്‍മെന്റ് പ്രോസിക്യൂട്ടര്‍മാര്‍ പൊതുജന താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരാണെന്നും പൊതുജനത്തിനും സര്‍ക്കാരിനും പ്രയോജനപ്രദമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സാധിക്കണമെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജോണ്‍ കെ. ഇല്ലിക്കാടന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ അഭിഭാഷകര്‍ സമൂഹത്തിന്റെയും നീതിയുടെയും പ്രതിനിധികളായി പ്രവര്‍ത്തിക്കണമെന്നും വ്യക്തി താത്പര്യമല്ല മറിച്ച് നീതി നടപ്പാക്കുന്നതിന് സത്യസന്ധമായി നിലകൊള്ളണമെന്നും ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി. തോമസ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സി ഈപ്പന്‍, ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദ്, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.വി ജ്യോതിരാജ്, അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ.് മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.