കൊല്ലം : വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയായിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അത് സമൂഹത്തിനുള്ള താക്കീത് തന്നെയാണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം.പ്രതിക്കെതിരെയുള്ള വിധിയെന്നതല്ല സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പ്രതിക്ക് ലഭിച്ച ശിക്ഷ കുറഞ്ഞ് പോയെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. ജീവപര്യന്തം ശിക്ഷയാണ് താന്‍ പ്രതീക്ഷിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സജിത പ്രതികരിച്ചു. അവസാനം വരെ അവളുടെ കൂടെ ഉണ്ടായിരുന്നത് ഞാനാണ്, അതി കഠിനമായ പീഡനങ്ങള്‍ എന്‍റെ മോള്‍ അനുഭവിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു.
വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.