റാന്നി : ജാതി വിവേചനത്തിന്‍റെ പേരില്‍ സൗജന്യമായി ലഭിച്ച ഭൂമിയില്‍ പ്രവേശനവും വീടു വെക്കാനുള്ള അവകാശവും നിക്ഷേധിച്ച സംഭവത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പഴവങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് നാം മറ്റു സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിട്ടുള്ള ജാതി വേര്‍തിരിവെന്ന സംഭവം അരങ്ങേറുന്നത്.
മന്ദമരുതി വട്ടാര്‍കയത്ത് വീടും സ്ഥലവുമില്ലാത്ത എട്ടു പട്ടികജാതി കുടുംബങ്ങള്‍ക്ക് വലിയകാവ് വല്യത്ത് വി.ടി വര്‍ഗീസ് സൗജന്യമായി നല്‍കിയ ഭൂമിയിലേക്കുള്ള പൊതുവഴി തദ്ദേശവാസികള്‍ കെട്ടിയടച്ചെന്നും തങ്ങളെ ജാതിയധിക്ഷേപം കാട്ടി അകറ്റുന്നെന്നും ചുണ്ടി കാട്ടിയാണ് പരാതി. പൊതുകിണര്‍ അടക്കം സ്ഥിതി ചെയ്യുന്ന വഴി സ്വകാര്യ വ്യക്തിയുടെ സ്വന്തമെന്നു കാട്ടിയാണ് ഇവിടെ ഗേറ്റ് സ്ഥാപിച്ചത്. ഇവര്‍ക്കു ലഭിച്ച രണ്ടടി വീതിയുള്ള വഴിയും ഇതിനൊപ്പം കെട്ടിയടച്ചു. വഴി കൈവശപ്പെടുത്താനും അവിടെ വീടു വെക്കാതിരിക്കുവാനും ശ്രമിക്കുന്ന പന്ത്രണ്ടോളം പേരുടെ കൂട്ടത്തില്‍ വാര്‍ഡംഗത്തിന്റെയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്റെയും അടക്കം പേരുകള്‍ പരാതിയിലുണ്ട്.
കൂടാതെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് സ്വകാര്യ വ്യക്തികള്‍ ഇതിനു ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായ നിര്‍ദ്ധനര്‍ക്ക് വീടു വെക്കാന്‍ മൂന്നു സെന്‍റ് സ്ഥലം വീതം സൗജന്യമായി നല്‍കിയതോടാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെ ദളിത് കുടുംബങ്ങള്‍ താമസമാക്കുന്നത് തങ്ങള്‍ക്ക് അസൗകര്യമുണ്ടാവുമെന്നാണ് ഇവരുടെ ആരോപണം. വസ്തു കിട്ടിയവര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി വസ്തു പേരില്‍കൂട്ടുകയും ചെയ്തു. പിന്നീട് ഇവിടെ വീടു വെക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പൊതുകിണര്‍ അടക്കമുള്ള വഴി സ്വകാര്യ വ്യക്തി വിലകൊടുത്തു വാങ്ങിയതായി അവകാശപ്പെട്ട് ഇവിടെ ഗെയ്റ്റും സ്ഥാപിച്ചു. വഴി തുറന്നു കൊടുക്കണമെന്നാവശ്യവുമായി ജില്ലാ പോലീസ് മേധാവി, റാന്നി ഡി.വൈ.എസ്.പി, സി.ഐ എന്നിവര്‍ക്ക് ഭൂമി ലഭിച്ച കുടുംബങ്ങള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എതിര്‍കക്ഷികള്‍ നല്‍കിയ വ്യാജപരാതികളില്‍ അന്വേക്ഷണം നടന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കു നേരെയുള്ള ജാതിവിവേചനം അവസാനിപ്പിച്ച് ഇവിടെ വീടുവെച്ച് താമസിക്കാനും അര്‍ഹതപ്പെട്ട വഴി ലഭ്യമാക്കണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരംക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ആരോപണ പ്രത്യാരോപണങ്ങളുമായി സംഭവം മുന്നോട്ടു പോകുമ്പോള്‍ ഒരു വീടും സ്വന്തമായി സ്ഥലവുമെന്ന സ്വപ്നം ഈ പട്ടികജാതി കുടുംബങ്ങള്‍ക്ക് അന്യമാവുകയാണ്.