പത്തനംതിട്ട : ജീവിത മൂല്യങ്ങളെ പരിപോഷിപ്പിക്കുവാൻ മുഖ്യ പങ്ക് വഹിക്കുന്നത് പൊതുവിദ്യാലയങ്ങളാണ്. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ മിഷനറിമാർ നല്കിയ സേവനം മഹത്തരമാണ്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതിന് ആരംഭം കുറിച്ചത്. അതിന്റെ തുടർച്ചയായി വല്യയന്തി എം.എസ്.സി.എൽ.പി.സ്കൂൾ പോലെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നു. സാംസ്ക്കാരികമായി ഉന്നത നിലവാരത്തിൽ നമ്മുടെ സംസ്ഥാനം എത്തിയതിന് പിന്നിൽ ഇത്തരം പൊതുവിദ്യാലയങ്ങൾക്ക് ഗണ്യമായ സ്ഥാനം ഉണ്ടെന്ന് സ്കൂളിന്റെ നവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആന്റോ ആന്റണി എം.പി പറഞ്ഞു. മുഖ്യസന്ദേശം നൽകിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്, വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും നവമാധ്യമങ്ങൾ കുട്ടികളിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനവും എന്ന വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിച്ചു.
നവതി ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് തോമസ് മേലക്കാലായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ വിദ്യാർത്ഥിയും മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷനുമായ ഡോ.സാമുവേൽ മാർ ഐറേനിയോസ് സ്കൂൾ ജീവിതകാലഘട്ടത്തെ അനുസ്മരിച്ചു. പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, നവതി കമ്മിറ്റി പ്രഥമ ചെയർമാൻ തോമസ് മാത്യു കാട്ടുകല്ലിലിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ആഫീസർ സന്തോഷ് കുമാർ റ്റി.എസ്, ലോക്കൽ മാനേജർ ഫാ. വർഗീസ് വിളയിൽ, വാർഡ് കൗൺസിലർ ആൻസി തോമസ്, ഹെഡ്മാസ്റ്റർ തോമസ് ജോർജ്, സജി കെ. സൈമൺ, സാം മാത്യു വല്യക്കര, ദാസ് തോമസ്, മാത്യു മാങ്കാവിൽ, റെജീന സേവ്യർ, സ്റ്റാഫ് സെക്രട്ടറി രമ്യാചന്ദ്രൻ, മാസ്റ്റർ അലൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഉപജില്ലാ തല മത്സര വിജയികളെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളെ തുടർന്ന് ആർട്ടിസ്റ്റ് ഷാജി മാത്യുവും സംഘവും അവതരിപ്പിച്ച വരമേളവും മാജിക്, ഫിഗർഷോയും നടത്തപ്പെട്ടു.