മുംബൈ : നടപ്പുസാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവെച്ച് പൊതുമേഖലാ ബാങ്കുകൾ. ഇവയുടെ മൊത്തം അറ്റാദായം കഴിഞ്ഞ സാമ്പത്തികവർഷം ആദ്യ പാദത്തിലേക്കാൾ 139.6 ശതമാനം വർധന രേഖപ്പെടുത്തി. 2020 -21 സാമ്പത്തിക വർഷം ആദ്യപാദത്തിലെ 5,847 കോടിയിൽനിന്ന് 14,012 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. മാർച്ചിലവസാനിച്ച സാമ്പത്തിക പാദത്തെ 9,697 കോടിയേക്കാൾ 44.5 ശതമാനം അധികമാണിത്.
മറ്റിനങ്ങളിലുള്ള വരുമാനം ഉയർന്നതാണ് ബാങ്കുകൾക്ക് ഇത്തവണ നേട്ടമായത്. കിട്ടാക്കടങ്ങൾക്കുള്ള നീക്കിയിരുപ്പ് കുറയുകയും ചെയ്തു. ബാങ്കുകളുടെ പലിശയിനത്തിലുള്ള അറ്റ വരുമാനത്തിലെ വാർഷിക വളർച്ച 5.4 ശതമാനമായി ചുരുങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ വായ്പാവളർച്ച കുറഞ്ഞതാണ് കാരണം. കഴിഞ്ഞവർഷം ആദ്യപാദത്തിലെ 66,510 കോടി രൂപയിൽനിന്ന് 70,132 കോടിയായാണ് വർധന. മറ്റു വരുമാനങ്ങളിൽ 34.8 ശതമാനമാണ് നേട്ടം. മുൻവർഷം ഇതേകാലയളവിലെ 25,089 കോടിയിൽനിന്ന് 33,828 കോടിയായാണ് മറ്റു വരുമാനം ഉയർന്നത്. മാർച്ചിലവസാനിച്ച പാദത്തിലിത് 44,225 കോടി രൂപയായിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ കുറഞ്ഞു. ഇത് മുൻവർഷത്തെ 6.39 ലക്ഷം കോടി രൂപയിൽനിന്ന് 4.2 ശതമാനം കുറഞ്ഞ് 6.12 ലക്ഷം കോടിയിലെത്തി. നിക്ഷേപങ്ങളിൽ 6.5 ശതമാനം വർധനയുണ്ടായപ്പോൾ വായ്പകളിൽ വളർച്ച 3.1 ശതമാനം മാത്രമാണ്. വായ്പാ വളർച്ച മാർച്ചിലവസാനിച്ച പാദത്തിലേക്കാൾ 0.9 ശതമാനം കുറവുണ്ടായി. നടപ്പുസാമ്പത്തിക വർഷത്തിൽ തുടർന്നുള്ള പാദങ്ങളിലും പൊതുമേഖലാ ബാങ്കുകൾ ലാഭം രേഖപ്പെടുത്തുമെന്നാണ് റേറ്റിങ് ഏജൻസിയായ ഇക്രയുടെ വിലയിരുത്തൽ.