വടശേരിക്കര : വടശേരിക്കര ടൗണ്ണിലെ പൊതു ശൗചാലയം നോക്കുകുത്തിയായി മാറിയെന്നാക്ഷേപം. വടശേരിക്കര ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുള്ള പൊതു ശൗചാലയമാണ് ഏറ്റെടുത്തു നടത്താൻ ആളില്ലെന്ന പേരിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ചിറ്റാര്‍, പെരുനാട് ഭാഗങ്ങളിലേക്ക് പോകുന്നവര്‍ ബസ് കയറാന്‍ കാത്തു നില്‍ക്കുന്നിടത്താണ് ഈ ശൗചാലയം. ഏറെയും യാത്രക്കാരായ സ്ത്രീകൾക്കാണ് ഇവിടെ ബുദ്ധിമുട്ട് നേരിടുന്നത്. ആരും പ്രവേശിക്കാതിരിക്കാന്‍ കമ്പിവേലി കൊണ്ട് മറച്ചിരിക്കുകയാണ് ഇവിടം. ഇതിനു സമീപത്തായി സ്ഥാപിച്ചിരുന്ന ഇ-ടോയ്ലറ്റും ഏതാനും നാളുകൾക്ക് മുൻപ് ഇവിടുന്നു നീക്കം ചെയ്തിരുന്നു.
ദിവസവും നിരവധി ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന ശൗചാലയ കെട്ടിടമാണ് ഈ അവസ്ഥയിൽ കിടക്കുന്നത്. നിരവധിത്തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ ഭാഗത്തു സ്ഥാപിച്ചിരുന്ന സോളാർ വിളക്ക് തകർന്നത് നന്നാക്കാനും നടപടിയായില്ല. ശബരിമല തീർത്ഥാടകരുടെ ഇടത്താവളം എന്ന നിലക്ക് ഒട്ടനവധി ശൗചാലയങ്ങൾ വടശേരിക്കരയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും യാത്രക്കാർക്ക് എത്തിച്ചേരാൻ പറ്റുന്ന ദൂരത്തിലല്ല. കോവിഡ് മാനദണ്ഡനങ്ങളിൽ ഇളവ് വരുത്തിയതോടെ ടൗണിൽ കൂടുതൽ ജനങ്ങൾ എത്തി തുടങ്ങിയതിനാൽ ശൗചാലയ കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.