തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസുകളിൽ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തും. ഓൺലൈൻ ബുക്കിങ് സൗകര്യമടക്കം ഏർപ്പെടുത്തി പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രാവൻകൂർ ഹെറിറ്റേജ് പദ്ധതി സമയബന്ധിതമായി പരിഷ്കരിക്കും. ടൂറിസം മേഖലകൾ ഉടനെ തുറന്ന് നൽകാനാവുമെന്നാണ് പ്രതീക്ഷ. ടൂറിസം മേഖലയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് ശ്രമം. ഇതിനായി ജലസേചനം, പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. അങ്ങിനെ മാത്രമേ പരിഹാരം കാണാനാവൂ. റെയിൽവെയുടെയും സഹകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.