മയ്യഴി : പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് നിലനിന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സംവരണം റദ്ദാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് ശിവ നൽകിയ ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി കേസ് രണ്ടാഴ്ചത്തേക്ക് നീട്ടി. തിരഞ്ഞെടുപ്പ് നീട്ടണമെന്ന വിവിധ ഹർജികളെത്തുടർന്നുള്ള കോടതി ഇടപെടലിൽ രണ്ട് തവണയാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.
തിരഞ്ഞെടുപ്പ് നാലുമാസം നീട്ടണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയലക്ഷ്യ ഹർജിയിലൂടെ തിരഞ്ഞെടുപ്പ് നടത്താൻ വിധി നേടിയെടുത്ത അഡ്വ. ടി.അശോക് കുമാറിനെ എതിർകക്ഷിയാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹർജി. ഈ സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന അനിശ്ചിതത്ത്വം നിലനിൽക്കുന്നതിനാലാണ് പെരുമാറ്റച്ചട്ടം നീക്കിയത്.