കോന്നി : പുളിമുക്ക് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജിനെതിരെ നാട്ടുകാരുടെ വ്യാപക പരാതി. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടുത്തെ താമസക്കാരില്‍ ഭൂരിപക്ഷവും. ലോഡ്ജിലെ മലിനജലവും വെയിസ്റ്റുകളും സമീപത്തുള്ള സ്വകാര്യ വസ്തുവിലേക്കും റോഡിലേക്കും നിക്ഷേപിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
പ്രമാടം ഗ്രാമപഞ്ചായത്തില്‍പ്പെട്ട പ്രദേശമാണ് ഇവിടം. 56 മുറികളുടെ കണക്ക് മാത്രമേ പഞ്ചായത്തില്‍ പറഞ്ഞിട്ടുള്ളൂ. നികുതി നല്‍കുന്നതും ഈ മുറികള്‍ക്ക് മാത്രമാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം മുറികള്‍ ഇവിടെ ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതര സംസ്ഥാന തൊഴിലാളികളുടെ കോളനിയായി ഇവിടെ മാറിയെന്നും ജനങ്ങളുടെ സ്വൈരജീവിതം ബുദ്ധിമുട്ടായെന്നും സമീപവാസികള്‍ പരാതിപ്പെടുന്നു.
പരിസരവാസികള്‍ പ്രമാടം ഗ്രാമ പഞ്ചായത്തിന് നല്‍കിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് നവനീത്, വാർഡ് മെമ്പർ വി ശങ്കർ എന്നിവർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ പഞ്ചായത്ത് നമ്പര്‍ ഇടാത്ത മുറികള്‍ കണ്ടെത്തി. നാട്ടുകാരുടെ പരാതിയിൽ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
കെട്ടിട ഉടമക്ക് രാഷ്ട്രീയത്തില്‍ ഉള്ള സ്വാധീനംകൊണ്ട് പരാതി നല്‍കിയാലും പലപ്പോഴും നടപടി ഉണ്ടാകാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പി.സി.ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ ഭാരവാഹിയാണ് ഇദ്ദേഹം. പോലീസിലെ ചില ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാണ് പലരെയും ഇദ്ദേഹം ഭീഷണിപ്പെടുത്തുന്നതെന്ന് പറയുന്നു. ഇനിയും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും വിവിധ തലങ്ങളില്‍ നല്‍കിയിട്ടുള്ള പരാതികള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ നിയമപരമായി മുമ്പോട്ടുപോകുമെന്നും ഭീഷണികളെ സംഘടിതമായി നേരിടുമെന്നും സമീപവാസികള്‍ പറഞ്ഞു.