പുല്ലാട്: കവലയ്‌ക്ക് സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് പടരുന്നു. നേരത്തെ ഇവരുടെ താവളത്തില്‍ ധാരാളം പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇത് നിയന്ത്രിക്കുന്നത് പരാജയപ്പെട്ടതോടെ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഏഴു തൊഴിലാളികള്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായാണ് വിവരം. നേരത്തെ ഇവിടെ നടത്തിയ പരിശോധനയില്‍ 10 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. പുല്ലാട് കവലയോട് ചേര്‍ന്ന് സമീപവാസിയായ വ്യക്‌തി നിര്‍മിച്ചു നല്‍കിയ ഷെഡിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ താമസം.
ഇവരില്‍ നിന്നും മാസ വാടക ഇനത്തില്‍ നല്ലൊരു തുക ലഭിക്കുന്നുണ്ടെങ്കിലും ആവശ്യം വേണ്ട ശുചിത്വ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കെട്ടിട ഉടമ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സമീപത്തുകൂടി ഒഴുകുന്ന തോടു പോലും മലീമസമാണെന്ന് പരാതിയുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍, അവശ്യ സാധനങ്ങള്‍ക്കായി പുല്ലാട് കവലയിലുള്ള കടകളെയാണ് ആശ്രയിക്കുന്നത്.
ഇത് കൂടാതെ ഇവര്‍ക്ക് പൊതുജനങ്ങളുമായി ഏറെ സമ്പര്‍ക്കമുള്ളതായും പറയപ്പെടുന്നു. നേരത്തെ 10 തൊഴിലാളികള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചപ്പോള്‍ തന്നെ ഇവരുമായുള്ള സമ്പര്‍ക്കും നാട്ടുകാര്‍ കുറച്ചിരുന്നു. എങ്കിലും സാധനം വാങ്ങാനും മറ്റും സമീപത്തുള്ള വ്യാപാര സ്‌ഥാപനങ്ങളെ ഇവര്‍ ആശ്രയിക്കുന്നത് പതിവാണ്. തൊഴിലാളികള്‍ താമസിക്കുന്ന ഷെഡുകളില്‍ അടിസ്‌ഥാന സൗകര്യം കുറവാണെന്നാണ് മറ്റൊരു ആക്ഷേപം. സമീപമുള്ള തോട് മലീമസമാകാനുള്ള കാരണവും ഇതാണ്. ഒരു തൊഴിലാളിയില്‍ നിന്നും മാസം നല്ലൊരു തുക വാടക ഇനത്തില്‍ ഈടാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഷെഡിന്റെ ഒരു മുറിയില്‍ അഞ്ചുപേര്‍ വീതമാണ് താമസം. വൈദ്യുതി ബില്ല് തൊഴിലാളികള്‍ നല്‍കണം.
ഉയരത്തില്‍ മറ സ്‌ഥാപിച്ച് ഷെഡ് മറച്ചിട്ടുണ്ട്. ഉടമ സ്വാധീനം ഉപയോഗിച്ച് പരാതികള്‍ ഒത്തു തീര്‍ക്കുകയാണ് പതിവ്. സമൂഹത്തില്‍ സ്വാധീനം ഏറെയുള്ളതിനാല്‍ ഇയാള്‍ക്കെതിരെ പരാതി പറയാന്‍ രാഷ്‌ട്രീയ നേതാക്കളും മുന്നോട്ടു വരുന്നില്ല.
വിവിധ സംസ്‌ഥാനക്കാരാണ് ഇവിടുത്തെ താമസക്കാരില്‍ ഏറെയും. ഉദ്ദേശ്യം അമ്പതോളം തൊഴിലാളികളാണ് ഇടുങ്ങിയ ഷെഡുകളില്‍ താമസിക്കുന്നത്. ഇപ്പോള്‍ ഇതില്‍ 17 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചതിനാല്‍ ബാക്കി തൊഴിലാളികളിലേക്കും രോഗം പടരാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
സാമൂഹിക വ്യാപനം തടയാന്‍ അകലം പാലിക്കണമെന്നുള്ള ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം ഷെഡുകളില്‍ താമസിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് പാലിക്കാന്‍ കഴിയുന്നില്ല. ഇവര്‍ ഭക്ഷണം തയാറാക്കുന്നതും കഴിക്കുന്നതും എല്ലാം ഒരുമിച്ചാണ്. രാത്രി കാലങ്ങളില്‍ കൂട്ടമായി കഴിയുന്നതും ഇവര്‍ക്കിടയില്‍ പതിവാണ്.
കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്‌ഥിരീകരിച്ചതോടെ നാട്ടുകാര്‍, പ്രത്യേകിച്ച് വ്യാപാരികള്‍ ഏറെ ആശങ്കയിലാണ്. ലോക്‌ഡൗണിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടിരുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ തകര്‍ച്ചയില്‍ നിന്നും കരകയറുന്ന സമയത്താണ് വീണ്ടും ആശങ്ക ഉയര്‍ത്തി ഈ ഭാഗത്ത് കോവിഡ് പടരുന്നത്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.